‘മണിപ്പൂരിൽ നടക്കുന്നത് തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള ബോധപൂർവ്വമായ ശ്രമം’; പൊയിൽക്കാവിൽ കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റിയുടെ സെമിനാർ
കൊയിലാണ്ടി: മണിപ്പൂർ വിഷയത്തിൽ സെമിനാർ നടത്തി കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി. പൊയിൽക്കാവ് നടനം ഹാളിൽ വച്ച് ‘മണിപ്പൂരിൽ സംഭവിക്കുന്നതെന്ത്?’ എന്ന പേരിൽ നടത്തിയ സെമിനാർ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
രണ്ടു വിഭാഗക്കാരെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള സംഘപരിവാറിൻ്റെ ബോധപൂർവ്വമായ ശ്രമമാണ് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.രാമനുണ്ണി പറഞ്ഞു. മണിപ്പൂരിലെ മുഖ്യമന്ത്രി വംശീയതയുടേയും വർഗ്ഗീയതയുടേയും മുഖ്യമന്ത്രിയായി മാറിയിരിക്കുന്നു. മണിപ്പൂരിൽ വർഗീയതക്കു വേണ്ടി ഇന്ത്യൻ പട്ടാളത്തെ നിരായുധരാക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2024 ൽ ഇന്ത്യയെ നമുക്ക് വീണ്ടെടുക്കാനായി. രാജ്യത്തിൻ്റെ നിലനിൽപ്പിനായി രക്തസാക്ഷികളാവുകയാണ് മണിപ്പൂരിലെ ജനത. ഇത് തിരിച്ചറിയാൻ രാജ്യത്തിലെ ഓരോ മനുഷ്യനും കഴിയണമെന്നും രാമനുണ്ണി കൂട്ടിച്ചേർത്തു.
ഉപജില്ലാ പ്രസിഡന്റ് ഗണേശ് കക്കഞ്ചേരി അധ്യക്ഷനായി. ദേശാഭിമാനി ന്യൂസ് എഡിറ്റർ പി.വി.ജീജോ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി.രാജീവൻ, ജില്ലാ സെക്രട്ടറി ആർ.എം.രാജൻ, കെ.ശാന്ത, സി.ഉണ്ണിക്കൃഷ്ണൻ, ഡി.കെ.ബിജു എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ഡോ. പി.കെ.ഷാജി സ്വാഗതവും പവിന നന്ദിയും പറഞ്ഞു.