എ.ഐ ക്യാമറ ഫലം കണ്ടു തുടങ്ങി; റോഡപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹന വകുപ്പ്


കൊയിലാണ്ടി: എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡപകടങ്ങള്‍ കുറഞ്ഞതായി മോട്ടര്‍വാഹന വകുപ്പ്. പ്രതിദിനമുള്ള 4.5ലക്ഷം നിയമലംഘനങ്ങള്‍ 2.5 ലക്ഷമായി കുറഞ്ഞെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

4,000 പേര്‍ പ്രതിവര്‍ഷം വാഹന അപകടത്തില്‍ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58% ഇരുചക്ര വാഹനങ്ങള്‍, 24% കാല്‍നട യാത്രക്കാരന്‍ എന്ന കണക്കില്‍ പ്രതിദിനം 12 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രതിദിന ശരാശരി മരണം പരമാവധി മൂന്നായി കുറഞ്ഞിട്ടുണ്ട്.

2022 ജൂണ്‍മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂണ്‍ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞിട്ടുണ്ട്.

ചലാനുകള്‍ കിട്ടിത്തുടങ്ങുന്നതോടെ ഒരു മാസംകൊണ്ട് നിയമലംഘനങ്ങള്‍ വലിയ രീതിയില്‍ കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹന ഉടമയ്ക്ക് പിഴത്തുക വ്യക്തമാക്കി രണ്ട് ചലാനുകളാണ് നല്‍കുക.

മോട്ടര്‍വാഹന നിയമം അനുസരിച്ച് ഡ്രൈവറും മുന്നിലെ സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിക്കണം. റോഡ് ക്യാമറ വരുന്നതിനു മുന്‍പ് നേരിട്ടുള്ള പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍ക്ക് മാത്രം പിഴ ഈടാക്കി സഹയാത്രികനെ ഒഴിവാക്കാറുണ്ടായിരുന്നു. ഇനി മുതല്‍ ഇളവ് ഉണ്ടാകില്ല. ഹെല്‍മറ്റ് ധരിക്കാതെ രണ്ടുപേര്‍ യാത്ര ചെയ്താല്‍ 500 രൂപ വീതം രണ്ട് ചലാനുകള്‍ വാഹന ഉടമയ്ക്ക് ലഭിക്കും.

അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഹെവി വാഹനങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതോടെ, സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ ബെല്‍റ്റിന്റെ കിറ്റ് ഘടിപ്പിക്കേണ്ടിവരും. കെഎസ്ആര്‍ടിസിയുടെ പുതിയ വാഹനങ്ങളില്‍ മാത്രമാണ് ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റുള്ളത്.


നിരപരാധികള്‍ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുവാന്‍ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് 5 മുതലാണ് പ്രാബല്യത്തില്‍ വരിക. അന്യ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ NIC വാഹന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവയുടെ നിയമലംഘനങ്ങള്‍ക്കു കൂടി പിഴ ഈടാക്കി തുടങ്ങും.