”പഴയ തലമുറയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു കെപിസിസി ഗോപാലന്‍”; മുചുകുന്നിലെ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വി.ഡി.സതീശന്‍


കൊയിലാണ്ടി: പഴയ തലമുറയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു കെപിസിസി ഗോപാലനെന്നും സ്വാതന്ത്യ സമര കാലഘട്ടത്തില്‍ ജീവന്‍ പോലും തൃണവല്‍ക്കരിച്ച് കീഴരിയൂര്‍ ബോംബ് കേസിലും സ്വതന്ത്ര ഭാരതം പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാപൃത നായിരുന്ന ധീരനായ കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എം.എല്‍.എ പറഞ്ഞു. ആദര്‍ശം മുറുകെ പിടിച്ചുള്ള പ്രവര്‍ത്തന ശൈലിയും വ്യക്തി ജീവിതത്തിലെ വിശുദ്ധിയും എളിമയും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.

ജന്മനാടായ മുചുകുന്നില്‍ നിര്‍മ്മിച്ച കെ.പി.സി.സി ഗോപാലന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി.പി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

എന്‍. സുബ്രഹ്‌മണ്യന്‍, കെ.സി. അബു, പി.രത്‌നവല്ലി, രമേശ് കാവില്‍, കെ.സി. സജേഷ് ബാബു, പ്രകാശന്‍ നെല്ലിമഠം, കെ.ടി.വിനോദ്, രൂപേഷ് കൂടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചക്കോത്ത് കുഞ്ഞമ്മദ് ഒലീവയ, മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ മികച്ച വിജയം നേടിയ കെ.സി.പി. അജയ്കൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.