ധനകോടി ചിട്ടി: വഞ്ചിക്കപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്; കൊയിലാണ്ടി പൊലീസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത് ഒന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ്


കൊയിലാണ്ടി: ധനകോടി ചിറ്റ്‌സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മാത്രം നാല് പരാതികളാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പൊലീസിന് ലഭിച്ചത്.

ഒരുലക്ഷം മുതല്‍ അറുപത് ലക്ഷം രൂപവരെ നഷ്ടമായതായി പരാതികളുണ്ട്. കേസിലെ മുഖ്യപ്രതി ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി യോഹന്നാന്‍ മറ്റത്തില്‍ (61) കഴിഞ്ഞദിവസം ബംഗളുരുവില്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനായി പൊലീസ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിച്ചിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളായ സജി എന്ന സെബാസ്റ്റിയന്‍, ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. മുഴുവന്‍ ക്രമക്കേടുകള്‍ക്കും ഉത്തരവാദി മുന്‍ എം.ഡി യോഹന്നാന്‍ മറ്റത്തിലാണെന്ന് സജി പൊലീസില്‍ കീഴടങ്ങുന്നതിന് മുമ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യോഹന്നാന്റെ അറസ്‌റ്റോടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് വേഗം കൂടുമെന്നാണ് പ്രതീക്ഷ.

ബത്തേരി കോട്ടക്കുന്നിലാണ് ധനകോടി ചിറ്റ്‌സിന്റെയും ധനകോടി നിധി ലിമിറ്റഡിന്റെയും ഹെഡ് ഓഫീസ്. വയനാടിന് പുറമേ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലടക്കം 22 ബ്രാഞ്ചുകളാണ് സ്ഥാപനത്തിനുള്ളത്. ഒട്ടുമിക്ക ബ്രാഞ്ചുകളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിന് വീടാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിക്ഷേപകരില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിന്റെ ഓഫീസുകളെല്ലാം ഏപ്രില്‍ അവസാനത്തോടെ പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോകുകയായിരുന്നു. ശമ്പളവും ആുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ സമരം നടത്തുകയും ചെയ്തിരുന്നു.