ചിക്കന്‍ ഫ്രൈ തേടിപ്പോയി, കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് കണ്ടെത്തിയ യാത്ര; ഇതാ പുറക്കാട് ഒരു സൂപ്പര്‍ ഈവിനിംഗ് ടീ ഡെസ്റ്റിനേഷന്‍



സനല്‍ദാസ് ടി. തിക്കോടി

ചിക്കന്‍ ഫ്രൈയില്‍ രണ്ട് സ്‌കൂള്‍ ഓഫ് മേക്കിംഗ് ആണ് സാധാരണ കണ്ടുവരാറ്. ഒന്ന് ചിക്കന്‍ ഗോപാലന്റെ തരം ജ്യൂസി ചിക്കന്‍ ഫ്രൈയാണ്. ചിക്കന്‍ നന്നായി വെന്ത് കിടിലനാവുമെങ്കിലും ചിക്കന്റെ മാര്‍ദവം ഒട്ടും നഷ്ടപ്പെടാതെ സോഫ്റ്റായി ഫ്രൈ ചെയ്‌തെടുക്കുന്നത്.

മറ്റൊന്ന്, ചിക്കന്‍ പീസുകള്‍ ഡീപ് ആയി ക്രിസ്പി ആയി ‘ഫ്രൈ’ ചെയ്‌തെടുക്കുന്നതാണ്. നമ്മുടെ കൊയിലാണ്ടി ബോംബൈ ടീസ്റ്റാള്‍ ഈ സ്‌കൂളാണ്. വേറെ ആരുണ്ട് ഈ ഐറ്റം നന്നായി ചെയ്യുന്നത്?

അങ്ങനെയാണ് പുറക്കാട് ഒരു വ്യത്യസ്തമായ പേരുള്ള ഹോട്ടലില്‍ ചെന്നെത്തുന്നത് – ‘ഹോട്ടല്‍ പെട്ടെന്ന്’. ഓര്‍ഡര്‍ ചെയ്താല്‍ പെട്ടെന്ന് കിട്ടുന്നതിനാലാണോ, അതോ ഹോട്ടല്‍ ഉടമ കുഞ്ഞമ്മദ്ക്കാക്ക് പെട്ടെന്ന് തോന്നിയ ഐഡിയയില്‍ തുടങ്ങിയ ഹോട്ടലായതിനാലാണോ ഈ പേര് വന്നതെന്ന് ചോദിക്കാന്‍ വിട്ടുപോയി.

നേരത്തെ പറഞ്ഞപോലെ, ഡീപ് ഡ്രൈഫ്രൈ ചെയ്ത ചിക്കന്‍ തേടിയാണ് ഇവിടെ എത്തിയതെങ്കിലും ഈ ഹോട്ടല്‍ മറ്റൊരു ഐറ്റത്തിന് സമീപ പ്രദേശങ്ങളിലെല്ലാം ഫെയ്മസാണെന്ന് ഇവിടെ എത്തിയപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്. കല്ലുമ്മക്കായ/കടുക്ക നിറച്ച് പൊരിച്ചതാണ് ഇവിടുത്തെ സ്റ്റാര്‍ ഐറ്റം. അരച്ചെടുത്ത അരി ചെറിയ ഒരു മസാലക്കൂട്ട് മിക്‌സ് ചെയ്ത് വലിയ കല്ലുമ്മക്കായ വിടര്‍ത്തി വൃത്തിയാക്കി അതിനകത്ത് നിറയ്ക്കും. പിന്നെ ആവിയില്‍ വേവിച്ചെടുക്കും. ശേഷം വീണ്ടും മസാല തേച്ച് പൊരിച്ചെടുക്കും. ഇതാണ് ‘കല്ലുമ്മക്കായ നിറച്ചത്’.

കല്ലുമ്മക്കായ നിറച്ചത് കോഴിക്കോട് ബീച്ചിലും കാപ്പാട് ബീച്ചിലും കിട്ടും. അവിടെ പക്ഷേ കല്ലുമ്മക്കായ തൊലി ഉള്‍പ്പടെയാണ് പൊരിക്കാറ്. എണ്ണയിലിട്ട് ഡീപ് ആയി ഫ്രൈ ചെയ്യുകയും ചെയ്യും. ഫലമോ, ഒരെണ്ണം വാങ്ങി തൊലി കളയുന്നതിനൊപ്പം അതില്‍ ആകെയുള്ള കല്ലുമ്മക്കായ മാംസം തൊലിയോടൊപ്പം ഒട്ടിപ്പിടിച്ച് പുറത്ത് പോവും. ബാക്കി അരി മാത്രമാണ് മിക്കപ്പോഴും കഴിക്കാന്‍ കിട്ടുക.

എന്നാല്‍ ഹോട്ടല്‍ പെട്ടെന്നിലെ കല്ലുമ്മക്കായ ഒരു അനുഭവം തന്നെയാണ്. വൈകുന്നേരത്തോടെ കല്ലുമ്മക്കായ നിറച്ചത്, നല്ല ചുവന്ന നിറത്തില്‍ അട്ടി വച്ചത് ഹോട്ടല്‍ പെട്ടെന്നിന്റെ മുന്നിലെ ചില്ലു ഗ്ലാസിലൂടെ തന്നെ കാണാം. പുഴുങ്ങുമ്പോള്‍ തന്നെ തൊലി കളയുന്നതിനാല്‍ കല്ലുമ്മക്കായ മാംസം പൊട്ടാതെ, പൊടിയാതെ മുഴുവനായി കഴിക്കാനാവും. അരച്ചെടുത്ത ടെക്സ്റ്ററിലുള്ള അരി അമിതമായി ഡീപ് ഫ്രൈ ചെയ്യാതെ കിട്ടുന്നതിന്റെ മാര്‍ദവാനുഭവം മറ്റൊരു ആകര്‍ഷകമാണ്.

മിക്കവാറും കാലങ്ങളില്‍ ഇവിടെ കല്ലുമ്മക്കായ കിട്ടും. തിക്കോടി, നന്തി, മുചുകുന്ന്, കൊയിലാണ്ടി, പയ്യോളി ഭാഗത്ത് നിന്ന് പോലും ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരുണ്ട്.

ചിക്കന്‍ ഡ്രൈ ഫ്രൈയുടെ ഒപ്പം തന്നെ നില്‍ക്കുന്ന ബീഫ് ഡ്രൈ ഫ്രൈയും ഇവിടെ എടുത്ത് പറയേണ്ട ഒരു ഐറ്റമാണ്. സാധാ ബീഫ് ഫ്രൈയും മറ്റു സാധാരണ കറികളും ഇവിടെ കിട്ടും. പുറക്കാട് കൊപ്പരക്കണ്ടം ടൗണില്‍ തന്നെയാണ് ‘ഹോട്ടല്‍ പെട്ടെന്ന്’. ഒരു വൈകുന്നേരം രുചി തേടി ഇറങ്ങുമ്പോള്‍ കൊയിലാണ്ടിക്കാര്‍ക്ക് പരിഗണിക്കാവുന്ന ഡെസ്റ്റിനേഷനാണ്.