‘ഉച്ചഭക്ഷണാവശിഷ്ടം സ്കൂളില്‍ ഉപേക്ഷിക്കരുത്, വീട്ടിലേക്ക് കൊണ്ടുപോകണം’; കുട്ടികള്‍ക്കായുള്ള പന്തലായനി ഹയര്‍ സെക്കന്ററി സ്കൂളിന്റെ നിര്‍ദ്ദേശം വിവാദമായി, പ്രതിഷേധവുമായി രക്ഷിതാക്കള്‍
കൊയിലാണ്ടി: ഉച്ചഭക്ഷണാവശിഷ്ടങ്ങളുണ്ടെങ്കില് അത് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്നുള്ള പന്തലായനി ഗവ ഹൈസ്കൂളിന്റെ നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം. സ്കൂള്‍ തുറന്നതിനു പിന്നാലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ക്ലാസ് ടീച്ചര്മാര് ഫോര്‍വേര്‍ഡ് ചെയ്ത നിര്‍ദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്.
”പ്രിയപ്പെട്ട രക്ഷിതാക്കളേ,
നാളെ മുതല്‍ സ്കൂളില്‍ ഉച്ചഭക്ഷണ വിതരണമുണ്ടായിരിക്കും. കുട്ടികള്‍ പ്ലേറ്റിനു പകരം അടപ്പുളള പാത്രം കൊണ്ടുവരണം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ട് പോകുന്നതിലൂടെ സ്കൂള്‍ പരിസരം വൃത്തികേടാകാതെ സൂക്ഷിക്കാന്‍ കഴിയും.” എന്ന മെസേജിനെതിരെയാണ് രക്ഷിതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.
ജൈവമാലിന്യം സ്കൂളില്‍ തന്നെ സംസ്കരിച്ച് ക്യാമ്പസ് കൃഷിക്കും പൂന്തോട്ട നിര്‍മ്മാണത്തിനും ഉപയോഗിക്കണമെന്നും സ്കൂളില്‍ ഉണ്ടാകുന്ന ജൈവ മാലിന്യം ഉപയോഗിച്ച് കൃഷി പ്രോത്സാഹിപ്പിക്കണമെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. ഈ സര്‍ക്കുലര്‍ നിലനില്‍ക്കെ വിദ്യാര്‍ഥികളോട് ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
ഇത്രയും വിദ്യാര്‍ഥികളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം നിലവില്‍ സ്കൂളില്‍ ഇല്ലെന്നാണ് സ്കൂളിലെ പ്രധാനാധ്യാപിക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. എല്ലാവരും ഭക്ഷണാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുപോകണമെന്ന് നിര്‍ബന്ധമില്ല. പറ്റാവുന്നവര്‍ ഇങ്ങനെ ചെയ്താല്‍ മാലിന്യപ്രശ്നത്തില്‍ കുറച്ചെങ്കിലും പരിഹാരമാവും. കൂടാതെ ഭക്ഷണങ്ങള്‍ പാഴാക്കാതിരിക്കാന് കുട്ടികള്‍ ശീലിക്കണമെന്നും അവര്‍ പറഞ്ഞു. രക്ഷിതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ മറ്റ് സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും പ്രധാനാധ്യാപിക വ്യക്തമാക്കി.