കോഴിക്കോട് നഗരത്തില്‍ രാത്രി സിനിമകണ്ടു മടങ്ങവെ യുവ ദമ്പതികള്‍ക്കു നേരെ ആക്രമണം; ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘത്തിനെതിരെ പോലീസില്‍ പരാതി


കോഴിക്കോട്: നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണം. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് നഗരമധ്യത്തില്‍ ഞായറാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. ഇതേക്കുറിച്ച് അശ്വിന്‍ നടക്കാവ് പോലീസ് സ്റ്റേഷനിലും സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.
ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ക്രിസ്ത്യന്‍ കോളേജ് ട്രാഫിക് ജങ്ഷനില്‍വച്ച് രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘം ഭാര്യയെ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് അശ്വിന്‍ പറയുന്നു.
ഇത് ചോദ്യം ചെയ്തതോടെ സംഘം അശ്വിനെ മര്‍ദിച്ചു. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ഉടന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയെന്നും അശ്വിന്‍ പറഞ്ഞു.