38 അംഗങ്ങളുള്ള വാട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ചത് പതിമൂന്ന് ലക്ഷം രൂപ; നടുവത്തൂര്‍ മഹല്ല് കമ്മിറ്റി നിര്‍മ്മിക്കുന്ന മദ്രസയ്ക്കുവേണ്ടി സ്ഥലം വാങ്ങി നല്‍കി മസ്ജിദ് തക്‌വ പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മ
മേപ്പയ്യൂര്‍: ഹിമായത്തുല്‍ ഇസ്‌ലാം സംഘം നടുവത്തൂര്‍ മഹല്ല് കമ്മിറ്റി മഹല്ലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മദ്രസക്ക് വേണ്ടി മസ്ജിദ് തക്‌വ പ്രവാസി വാട്‌സ്ആപ്പ് സാന്ത്വന കൂട്ടായ്മ സ്‌പോണ്‍സര്‍ ചെയ്ത സ്ഥലത്തിന്റെ രേഖകള്‍ കൈമാറി. അറഫാത്ത് മന്‍സില്‍ അഹമ്മദ് ഹാജി മഹല്ല് പ്രസിഡന്റ് ടി.എ അബ്ദുള്‍ ഹമീദിന് സ്ഥലത്തിന്റെ രേഖകള്‍ കൈമാറുകയായിരുന്നു.
38 അംഗങ്ങള്‍ മാത്രമുള്ള വാട്‌സ്ആപ്പ് കൂട്ടായ്മ പതിമൂന്ന് ലക്ഷം രൂപയോളം സ്വരൂപിച്ചാണ് സ്ഥലം വാങ്ങിയത്. ഈ കൂട്ടായ്മ അതിന്റെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ പഠനം, അസുഖങ്ങള്‍ കൊണ്ട് പ്രയാസം നേരിടുന്ന ആളുകള്‍ക്ക് ചികിത്സാ സഹായം, പള്ളിയുടെ അറ്റകുറ്റപ്പണികള്‍, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വീട്ടിലെ പെണ്‍കുട്ടികളുടെ വിവാഹം എന്നിങ്ങനെ ജാതിമതവ്യത്യാസമില്ലാതെ എല്ലാവരിലേക്കും ചെറുതും വലുതുമായ സഹായങ്ങള്‍ നല്‍കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
കെ.എം.ജലീല്‍ ചടങ്ങില്‍ അധ്യക്ഷനായി. മഹല്ല് ഖത്തീബ് അബ്ദുള്‍ ബാസിത്ത് ബാഖവി, അബ്ദുള്‍ റസാഖ്, നവാസ്, ബഷീര്‍, സമീര്‍ മാനസ്, അബ്ദുള്‍ സലാം, ഇല്‍യാസ് വാഫി, ഹാരിസ് മുസ്ലിയാര്‍, യൂസഫ് കോരപ്ര, ടി.പി.ഹനീഫ്, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി മദ്രസ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു.