‘സെർവർ പ്രവർത്തനം പൂർണ്ണതോതിലാക്കുക, റേഷൻ വിതരണത്തിന് കെ ഫോൺ സംവിധാനം ഏർപ്പെടുത്തുക’; കൊയിലാണ്ടിയിൽ ധർണ്ണയുമായി റേഷൻ വ്യാപാരികൾ
കൊയിലാണ്ടി: ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക് സപ്ലൈ ഓഫീസിനുമുൻപിൽ ധർണ്ണ നടത്തി. സെർവറിന്റെ പ്രവർത്തനം പൂർണ്ണതയിലേക്ക് എത്തിക്കുക, റേഷൻ വിതരണത്തിന് കെ ഫോൺ സംവിധാനം ഏർപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്. റേഷൻ കടകൾ അടച്ച് നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘടനം ചെയ്തു.
നിരന്തരമായി ഇ പോസ് മെഷിന്റെ പ്രവർത്തനം തകരാറിലാക്കുന്നത് കാരണം കുറെ കാലങ്ങളായി റേഷൻ വിതരണം മുടങ്ങുന്നത് പതിവാണെന്നും കർഡുടമകൾക്ക് റേഷൻ സാധനങ്ങൾ വിതരണം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതനെന്നും റേഷൻ ഡീലേഴ്സ് ആരോപിച്ചു. ഇത് കാരണം കാർഡുടുടമകൾ നിരവധി തവണ കടയിൽ വന്ന് സാധനങ്ങൾ ലഭിക്കാതെ തിരിച്ചുപോകുന്ന അവസ്ഥ്ക്കിടയാക്കുന്നുണ്ട്. ഇതേ തുടർന്ന് കാർഡുടമകളും വ്യാപാരികളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഇതിന്റെ ഭാഗമായാണ് വ്യാപാരികൾ കടകൾ അടച് സമരത്തിലേക്ക് നീങ്ങിയത്.
അടിയന്തിരമായി സെർവറിന്റെ പ്രവർത്തനം പൂർണ്ണതയിലേക്ക് എത്തിക്കാൻ ശ്രമിക്കുക, നെറ്റ്വർക്കുള്ള സിംമുകൾ ഇ പോസ്റ്റ് മെഷിനുകൾക്ക് ലഭ്യമാക്കുക, റേഷൻ വിതരണത്തിന് കെ ഫോൺ സംവിധാനം ഏർപ്പാടക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാനകമ്മറ്റിയുടെ തീരുമാനപ്രകാരം കൊയിലാണ്ടി താലൂക് സപ്ലൈ ഓഫീസിനു മുൻപിൽ കടകളടച്ചു ധർണ സംഘടിപ്പിച്ചത്.
താലൂക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ വിശ്വൻ, ടി സുഗതൻ, പി.വി സുതൻ, ശശി മങ്ങര, കെ കെ പ്രകാശൻ, പി വേണുഗോപാൽ, ശിവശങ്കരൻ, കെ ജനാർദ്ദനൻ, യു ഷിബു എന്നിവർ സംസാരിച്ചു.