വേളം കാക്കുനിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ആരോപണം
വേളം: വേളം കാക്കുനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറി ഭാസ്‌ക്കരന്റെ വീടിന് നേരെയും സിപിഎം പ്രവര്‍ത്തകന്‍ കിഴക്കയില്‍ രാജേഷിന്റെ വീടിന് നേരെയുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ വീടിന് നേരം പടക്കം എറിയുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഭാസ്‌ക്കരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിയുന്നത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഇന്നലെ രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ രാജേഷിന്റെ വീടിന് നേരെ പടക്കം എറിഞ്ഞത്. ഇതിന് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് ബ്രാഞ്ച് സെക്രട്ടറി ഭാസ്‌ക്കരന്റെ വീടിന് നേരെ ബോംബേറുണ്ടായതെന്ന് കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി അംഗമായ മനോജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ് കാക്കുനി. നാട്ടില്‍ കരുതികൂട്ടി കൊഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭാസ്‌ക്കരന്റെ വീടിന്റെ മുറ്റത്താണ് സ്‌ഫോടക വസ്തു എറിഞ്ഞത്. കിണറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാക്കുനി സിപിഎം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് ഭാസ്‌ക്കരന്‍. അദ്ദേഹത്തിന്റെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. കുറ്റ്യാടി എസ്.ഐ സതീഷ് പി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബോംബ് സ്‌ക്വാഡും സംഭവ സ്ഥലം സന്ദര്‍ശിക്കും.