കൊയിലാണ്ടിയില്‍ മാന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; കുറുവങ്ങാട്, മാവിന്‍ചുവട് മേഖലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനിനെ കണ്ടിരുന്നതായി പ്രദേശവാസികള്‍



കൊയിലാണ്ടി: കുറച്ചുദിവസങ്ങളിലായി കുറുവങ്ങാട്, മാവിന്‍ചുവട് ഭാഗങ്ങളില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ മാനിനെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. മേലൂരില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മാനിനെ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെയാണ് പ്രദേശവാസികള്‍ ഇക്കാര്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിച്ചത്.

പ്രദേശത്തെ പറമ്പുകളില്‍ അലയുന്നതും കുളത്തില്‍ നിന്നും മറ്റും വെള്ളം കുടിക്കുന്നതുമൊക്കെയാണ് നാട്ടുകാര്‍ കണ്ടത്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നുവെങ്കിലും മാനിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുറുവങ്ങാട് പരിസരത്ത് ഈ മാനിനെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാരനായ രജിലേഷ് വി.കെ. കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരാഴ്ചയോളമായി പലരും ഇത്തരത്തില്‍ മാനിനെ കണ്ടതായി പറയുകയും ഇതിന്റെ ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെ കൊയിലാണ്ടി മേലൂര്‍ ആന്തട്ട ക്ഷേത്രത്തിന് മുന്‍വശം റെയില്‍വേ ട്രാക്കിലാണ് മാനിന്റെ ജഡം ശ്രദ്ധയില്‍പ്പെട്ടത്. മാനിനെ ട്രാക്കില്‍ കണ്ടെത്തിയ വിവരം അറിഞ്ഞ് കൊയിലാണ്ടിയുടെ പല ഭാഗത്തുനിന്നും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.

വന്യ ജീവികളായ മയില്‍, കുരങ്ങ് എന്നിവ നാട്ടിന്‍ പുറങ്ങളില്‍ അടുത്തിടെയായി വലിയ തോതില്‍ കണ്ടുവരുന്ന സ്ഥിതിയുണ്ട്. ഇതിന് പിന്നാലെയാണ് പുള്ളിമാനുകളും കാടുവിട്ടെത്തുന്നത്. വനപ്രദേശങ്ങളില്‍ നിന്ന് ആദ്യം മലയോര മേഖലയിലെ കുറ്റിക്കാടുകള്‍ താവളമാക്കിയ മയിലുകല്‍ ഇപ്പോള്‍ കൊയിലാണ്ടിയിലടക്കം വ്യാപകമായി കണ്ടുവരുന്നുണ്ട്.