അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവം കൊലപാതകം; കുട്ടിയുടെ ബന്ധുവായ സ്ത്രീ അറസ്റ്റില്‍
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ ബന്ധുവായ സ്ത്രീ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബാപ്പയുടെ സഹോദരിയായ താഹിറ (34) ആണ് അറസ്റ്റിലായത്. പഞ്ചായത്ത് അംഗം ബിന്ദുവിന്റെ സാന്നിധ്യത്തില്‍ വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. താഹിറ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ഫാമിലി പാക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് താഹിറ കുട്ടികള്‍ക്ക് നല്‍കിയത്. മരിച്ച കുട്ടിയുടെ ഉമ്മയും രണ്ട് സഹോദരങ്ങളും വീട്ടില്‍ ഇല്ലാത്തതിനാലാണ് രക്ഷപ്പെട്ടത്. താഹിറയ്ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കുട്ടിയുടെ കുടുംബത്തോടുള്ള മുന്‍വൈരാഗ്യമാണ് ഇത്തരത്തിലൊരു കൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. പ്രതി ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്താണ് കുട്ടികള്‍ക്ക് നല്‍കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എലിവിഷത്തില്‍ കാണപ്പെടുന്ന അമോണിയം ഫോസ്ഫറസ് എന്ന രാസവസ്തു കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അഹമ്മദ് ഹസന്‍ റിഫായി ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും അവശനിലയിലാവുകയും ചെയ്തത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടി മരിച്ചത്.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമിയുടെ നേതൃത്വത്തില്‍ വടകര ഡി.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐയുടെ ചുമതലയുള്ള കെ.സി.സുബാഷ് ബാബു, എസ്.ഐ അനീഷ് വടക്കേടത്ത്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ, ബിനീഷ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.