അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: ഐസ്‌ക്രീം വാങ്ങിയ കട അടപ്പിച്ചു, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു


അരിക്കുളം: ഛര്‍ദ്ദിയെ തുടര്‍ന്ന് അരിക്കുളം സ്വദേശിയായ പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ച കട അധികൃതര്‍ അടപ്പിച്ചു. അരിക്കുളം മുക്കിലെ ബിസ്മി സൂപ്പര്‍മാര്‍ക്കറ്റ് ആണ് അടപ്പിച്ചത്. ഈ കടയില്‍ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ഛര്‍ദ്ദി ഉണ്ടായത് എന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഐസ്‌ക്രീം ഉണ്ടാക്കുന്നത് ഈ കടയില്‍ നിന്നല്ല.

കടയില്‍ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ പരിശോധനയുടെ ഫലം വന്നാല്‍ മാത്രമാണ് ഐസ്‌ക്രീം കാരണമാണോ കുട്ടിക്ക് ഛര്‍ദ്ദി ഉണ്ടായത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് വരും ദിവസങ്ങളിലേ പുറത്ത് വരൂ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണകാരണം കൂടി അറിഞ്ഞാല്‍ മാത്രമേ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അറിയാന്‍ സാധിക്കൂ. അതേസമയം മറ്റാര്‍ക്കും ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ ഹിസായി ആണ് ഛര്‍ദ്ദിയെ തുടര്‍ന്ന് തിങ്കളാഴ്ച മരിച്ചത്. പന്ത്രണ്ടു വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് കുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു.


Related News: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ചർദ്ദി; അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ മരിച്ചു