വിഷുപ്പുലരിയിൽ നാടുണർന്നത് ദുരന്ത വാർത്തയുമായി; കളിതമാശകൾ പറഞ്ഞ് സന്തോഷം പങ്കിടാൻ ഇനി അവനില്ല, ബൈക്കപകടത്തിൽ മരിച്ച മന്ദമംഗലത്തെ ഷിനോജിന് വിടനൽകി നാട്


കൊയിലാണ്ടി: കുടുംബാ​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും അരികിലേക്ക് ഒരിക്കൽ കൂടി അവനെത്തി, കളിതമാശകൾ പറഞ്ഞ് സന്തോഷം പങ്കിടാനല്ല, അന്ത്യയാത്രാമൊഴിയേറ്റുവാങ്ങാൻ. കൊല്ലത്ത് ബെെക്കപകടത്തിൽ മരിച്ച കുറ്റിപൊരിച്ച വയലിൽ ഷിനോജിന് കണ്ണീരോടെ വിടചൊല്ലി നാട്. ഇന്ന് പുലർച്ചെ കൊല്ലത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് ഇലട്രിക് പോസ്റ്റിലിടിച്ച് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഷിനോജ് മരണപ്പെട്ടത്.

പുത്തൻ പ്രതീക്ഷകളുമായി വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു നാട്. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ച് വിഷുപ്പുലരി അവരെ വരവേറ്റത് പ്രിയപ്പെട്ടവന്റെ വിയോ​ഗ വാർത്തയോടെയാണ്. ഇന്നലെ മുതൽ തങ്ങൾക്കൊപ്പമുണ്ടായിരുന്നവൻ ഒരു സുപ്രഭാതത്തിൽ വിടപറഞ്ഞിരിക്കുന്നു. മരണം ഷിനോജിനെ തട്ടിയെടുത്തെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

മാസങ്ങൾക്ക് മുമ്പാണ് ഷിനോജിന്റെ അച്ഛൻ ഭരതൻ മരിക്കുന്നത്. അച്ഛന്റെ പെട്ടന്നുള്ള വിയോ​ഗത്തിന്റെ ദു:ഖത്തിൽ നിന്നും കുടുംബം കരകയറുന്നതിന് പിന്നാലെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ഒരു ജീവൻ കൂടെ കവർന്നെടുത്തത്. കുടുംബാം​ഗങ്ങളെ തീരാദുഖത്തിലാഴ്ത്തിയാണ് ഷിനോജ് വിടവാങ്ങുന്നത്. എന്ത് പറഞ്ഞ് എല്ലാവരെയും ആശ്വസിപ്പിക്കണമെന്നറിയതെ നിസ്സഹായാവസ്ഥയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

വീട്ടിൽ നിന്നും സു​ഹൃത്തിനൊപ്പം കൊയിലാണ്ടി ഭാ​ഗത്തേക്ക് വരികയായിരുന്നു ഷിനോജ്. കൊല്ലം ടൗണിൽ വച്ച് അമിത വേഗതയിൽ വന്ന മറ്റൊരു വാഹനം ഇവരെ മറികടക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഷിനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് സാരം​ഗ് മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്.

പരേതനായ ഭരതന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരൻ പ്രബീഷ്. നേഹയാണ് ഭാര്യ. ഒരു വർഷം മുമ്പാണ് നേഹയുമായി ഷിനോജിന്റെ വിവാഹം നടന്നത്.

ALSO READ- കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Summary: shinoj died in an accident at  Kollam follow up news