തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത പടക്കം, ചൂളമടിച്ച് കറങ്ങുന്ന ചക്രം, ഒപ്പം ഫ്രീഫയറും അവതാറും ഡാൻസിം​ഗ് ബട്ടർഫ്ലെെയും; കൊയിലാണ്ടിയിലെ വിഷു വിപണി കീഴടക്കി പടക്കങ്ങൾ


സ്വന്തം ലേഖിക

കൊയിലാണ്ടി: വിഷുക്കണിക്കും സദ്യക്കുമൊപ്പം മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് പടക്കങ്ങൾ. കമ്പിത്തിരിയും, മത്താപ്പൂവുമുൾപ്പെടെ വർണ്ണ വിസ്മയങ്ങളുടെ ഉത്സവം കൂടിയാണ് വിഷു. അതിനാൽ വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊയിലാണ്ടിയിലെ പടക്കവിപണിയും സജീവമാണ്. സാധാരണ പടക്കങ്ങൾക്കൊപ്പം ഇത്തവണ പുതിയ ഇനം പടക്കങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്.

ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഇത്തവണ വിഷു സീസണിലെ പ്രധാന ആകര്‍ഷണം. വിഷുവിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പടക്ക വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പടക്ക വിപണിയിലേക്ക് വ്യത്യസ്തതയാര്‍ന്ന പടക്കങ്ങള്‍ തേടിയുള്ള ആളുകളുടെ ഒഴുക്കാണ് ദൃശ്യമാകുന്നത്.

ഫ്രീഫയർ, അവതാർ ഇങ്ങനെ തുടങ്ങുന്നു പടക്കങ്ങളുടെ പേരുകൾ. തീ കൊടുക്കുമ്പോൾ പറക്കുന്ന ഡാൻസിം​ഗ് ബട്ടർഫ്ലെെയും ചൂളമടിച്ച് കറങ്ങുന്ന ചക്രവുമാണ് ഈ വിഷുവിന്റെ സ്പെഷ്യൽ. പല നിറങ്ങളിൽ വിസ്മയം തീർക്കുന്ന ചെെനീസ് പടക്കങ്ങൾ, ആകാശം കീഴടക്കി വർണ്ണചാമരം തീർക്കുന്ന ഫാൻസി ഷോട്സുകൾ എന്നിവയെല്ലാം പ്രധാന ആകർഷണങ്ങളാണ്. മാജിക് പീകൊക്ക് ഇതിൽ പെടുന്നതാണ്. ചെണ്ടമേളം, ടോക്കിംഗ് ടോം, ടോക്കിം​ഗ് എയ്ഞ്ചൽ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. പുക കുറഞ്ഞതും കെെപ്പൊള്ളാത്തതുമായ പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാരേറെയും.

അപകടം കുറഞ്ഞതും പൊള്ളലേൽക്കാത്തതുമായ ചെെനീസ് പടക്കങ്ങൽക്കൾക്കാണ് ആവശ്യക്കാരേറെയെന്നാണ് വിൽപ്പനക്കാർ പറയുന്നത്. ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ ഇറക്കുമതി ചെയ്യുന്നത്. വിഷു അടുക്കാറായതോടെ കടയിൽ തിരക്ക് വർദ്ധിച്ചെന്നും പേരാമ്പ്ര, രാമനാട്ടുകര ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ പടക്കങ്ങൾക്കായി സമീപിക്കാറുണ്ട്. ഒമ്പത് രൂപ മുതൽ രണ്ടായിരും രൂപയ്ക്ക് മുകളിൽ വരെ വിലയുള്ള പടക്കങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.