വേളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍


വേളം: വേളം പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വേളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പറുമായിരുന്ന വി.പി സുധാകരന്‍ മാസ്റ്ററോടുള്ള ആദരസൂചകമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. പഞ്ചായത്തിലെ കാക്കുനി, തീക്കുനി, നമ്പാംവയല്‍, പൂളക്കൂല്‍, പൂമുഖം എന്നീ ടൗണുകളിലാണ് ഹര്‍ത്താല്‍. രാവിലെ 11 മണിയ്ക്ക് തീക്കുനിയില്‍ സര്‍വകക്ഷി അനുശോചനയോഗവും ചേരും.

ചൊവ്വാഴ്ച്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്
പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. മൃതശരീരം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വേളം കമ്മ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ഇന്ന് രാവിലെ 10 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

രാഷ്ട്രീയ പ്രവര്‍ത്തനായിരുന്ന അദ്ദേഹം ആയഞ്ചേരി ചീക്കിലോട് യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കോണ്‍ഗ്രസ് വേളം മണ്ഡലം ജനറല്‍ സെക്രട്ടറി, ചേരാപുരം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കോട്ടയുള്ളതില്‍ ശിവ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ: ഗിരിജ (ചേരാപുരം യുപി സ്‌കൂള്‍). മക്കള്‍: ഡോ. അനുഷ (ആയുര്‍വേദ ഡോക്ടര്‍), ആദര്‍ശ് (ഇന്‍ഫോസിസ് മൈസൂര്‍). മരുമകന്‍: വരുണ്‍ ദിവാകരന്‍ (സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബേങ്ക് കോഴിക്കോട്). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (റിട്ട: അധ്യാപകന്‍), പ്രഭാകരന്‍ (റിട്ട: എജീസ് ഓഫീസ് കോഴിക്കോട്).

summary: hartal today at various places in Velom panchayath