തൊഴിൽ സംരംഭം ആരംഭിക്കാനായി ബാങ്ക് ലോണെടുത്തു, വഞ്ചിക്കപ്പെട്ട് അഞ്ച് പട്ടികജാതി സ്ത്രീകൾ; കീഴരിയൂരിൽ രാപകൽ സമരം
കീഴരിയൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് 2008-09 കാലത്ത് സ്വയംതൊഴിൽ പദ്ധതി പ്രകാരം പട്ടികജാതി വനിതകൾക്ക് വേണ്ടി ആവിഷ്കരിച്ച പേപ്പർ കപ്പ് നിർമാണ യൂണിറ്റുമായി ബന്ധപ്പെട്ട് ജപ്തി നടപടികൾക്ക് വിധേയരായ അഞ്ച് സ്ത്രീകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ രാപ്പകൽ സമരം നടത്തി. തൊഴിൽ സംരഭത്തിന് വേണ്ടി കീഴരിയൂർ ഗ്രാമീണ ബാങ്കിൽ നിന്ന് ലോണെടുപ്പിച്ച് പദ്ധതിക്ക് ചെലവഴിക്കാതെ ഭരണത്തിന് നേതൃത്വം നൽകിയവർ അഴിമതി നടത്തിയതാണ് സത്രീകളെ വഴിയാധാരമാക്കാനിടയാക്കിയത് എന്നാണ് ആരോപണം.
രാപ്പകൽ സമരം ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. ജനകീയ സഹായസമിതി ചെയർമാൻ ഇ.എം.മനോജ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ.എ.ലത്തീഫ്, കെ.രത്നവല്ലി, സിറാജ് മേപ്പയ്യൂർ, വി.കെ.ബാലൻ, ഇടത്തിൽ ശിവൻ, ടി.യു.സൈനുദീൻ, ചുക്കോത്ത് ബാലൻ നായർ, നൗഷാദ് കുന്നുമ്മൽ, കെ.സി.രാജൻ, സവിത നിരത്തിൻ്റെ മീത്തൽ, കെ.അബ്ദുറഹിമാൻ, കെ.കെ.സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
നേരത്തേ ജപ്തി നടപടിയിൽ നിന്ന് രക്ഷിക്കാൻ ഇവർ സഹായ അഭ്യർത്ഥന ജാഥ നടത്തിയിരുന്നു. 2008-09 കാലത്താണ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ സംരഭം തുടങ്ങുന്നതിനു വേണ്ടി ബാങ്ക് ലോണെടുത്തത്. ഇതേ തുടർന്ന് വഞ്ചിതരായ പട്ടികജാതിയിൽപ്പെട്ട അഞ്ച് സ്ത്രീകൾ ലോൺ തുക തിരിച്ചടക്കുന്നതിന് സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കീഴരിയൂരിൽ ജാഥ നടത്തിയത്.