പ്രണയിച്ച പെണ്‍കുട്ടി മറ്റൊരാള്‍ക്കൊപ്പം പോയി, ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം; കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ നാടകീയ രംഗങ്ങള്‍


കൊയിലാണ്ടി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊയിലാണ്ടി സ്വദേശിയായ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം.

ഇയാള്‍ പ്രണയിച്ച പെണ്‍കുട്ടിയെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ഇന്ന് സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കാമുകന്‍ എന്ന അവകാശപ്പെട്ട യുവാവ് സ്റ്റേഷന് മുന്നില്‍വെച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പൊലീസ് ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് സംഘമെത്തി യുവാവിനെ അനുനയിപ്പിച്ച് ദേഹം വൃത്തിയാക്കി. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056