നന്ദുവെന്ന വിളിക്കപ്പുറം മറുവിളികേള്‍ക്കാന്‍ അവനില്ല എന്നത് ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍; ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ ഇരിങ്ങത്ത് സ്വദേശി ആദിന്‍ പ്രദീപിന് വിടയേകി നാട്


[top]

ഇരിങ്ങത്ത്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആറാംകണ്ടത്തില്‍ ആദിന്‍ പ്രദീപി(നന്ദു, 23)ന്റെ അപ്രതീക്ഷിത മരണം നാടിനാകെ നൊമ്പരമായി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകുന്നേരം 4.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്ന നന്ദുവിലെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. നന്ദുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സൃഹൃത്തുക്കളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

ഞായറാഴ്ച്ചയായിരുന്നു ആദിന്‍ സഞ്ചരിച്ച ബൈക്ക് വീടിന്റെ മതിലിന് ഇടിച്ച് അപകടം സംഭവിച്ചത്. സുഹൃത്തിനൊപ്പം സഞ്ചരിക്കവെ നിയന്ത്രണം വിട്ട ബൈക്ക് റോഡിന് സമീപത്തെ വീടിന്റെ മതിലിന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ബൈക്കില്‍ ആദിനോടൊപ്പം യാത്ര ചെയ്തിരുന്ന ജിത്തു എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പാലച്ചുവട് വച്ചാണ് അപകടം സംഭവിച്ചത്.

ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്ന ആദിന്‍ ആറ് മാസത്തിനുള്ളിലാണ് നാട്ടിലെത്തിയത്. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. രാഷ്ട്രീയ രംഗത്തും സി.പിഎംയുടെ സജ്ജീവ പ്രവര്‍ത്തകനായിരുന്നു. ആറാംകണ്ടത്തില്‍ പ്രദീപന്‍, സുധ ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയാണുള്ളത്.