ചികിത്സയ്ക്കായി 3200 രൂപ കൈക്കൂലി വാങ്ങി, മരുന്ന് മാറി നല്‍കി; തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലായ യുവാവ് വെന്റിലേറ്ററില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ രോഗിയ്ക്ക് മരുന്നു മാറി നല്‍കി. മരുന്നു മാറി കഴിച്ചതോടെ അബോധാവസ്ഥയിലായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോട്ട സ്വദേശി അമലിനാണ് മരുന്നു മാറി നല്‍കിയത്. ഹെല്‍ത് ടോണികിനു പകരം നല്‍കിയത് ചുമയ്ക്കുള്ള മരുന്നാണ്. ഇത് കഴിച്ചതോടെ യുവാവിന്റെ നില വഷളാകുകയായിരുന്നു. ഡോക്ടര്‍ കൈക്കൂലിയായി മൂവായിരത്തി ഇരുന്നൂറു രൂപ വാങ്ങിയെന്നും ആരോപണമുണ്ട്.
അപകടത്തെ തുടര്‍ന്ന് പന്ത്രണ്ട് ദിവസമായി അമല്‍ ആശുപത്രിയിലുണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. പണം നല്‍കിയ ശേഷമാണ് ശസ്ത്രക്രിയയുള്‍പ്പടെയുള്ള ചികിത്സ ഡോക്ടര്‍മാര്‍ ചെയ്തത് എന്നും ആരോപണമുണ്ട്. മരുന്നു മാറി നല്‍കിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും സ്ഥിരീകരിച്ചു.
മെഡിക്കല്‍ ബോര്‍ഡ് കൂടി തുടര്‍ചികിത്സയ്ക്കുള്ള നടപടി സ്വീകരിച്ചതായും സൂപ്രണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഫെബ്രുവരി ഒന്നാം തീയതിയാണ് അമലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് മൂന്നിനു ശേഷമാണ് വാര്‍ഡിലേക്ക് മാറ്റുന്നത്. അമല്‍ പൂര്‍ണാരോഗ്യവാനായെന്നും അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് അറിയിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. പിന്നീട് മരുന്നു മാറി നല്‍കുകയും അമല്‍ അബോധാവസ്ഥയിലാകുകയുമായിരുന്നു.