നരക്കോട് വായുസഞ്ചാരമില്ലാത്ത കിണറ്റിൽ വീണ് യുവാവ്; ഓടിയെത്തി രക്ഷിച്ച് കയറ്റി ഫയർ ഫോഴ്സ്
മേപ്പയ്യൂർ: കിണറ്റിൽ വീണ യുവാവിന് രക്ഷകരായി ഫയർ ഫോഴ്സ്. മേപ്പയ്യൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നരക്കോടാണ് സംഭവം. തെക്കേ വലിയ പറമ്പിൽ വീട്ടിൽ ഷിബു (46) ആണ് കിണറ്റിൽ വീണത്.
ഏകദേശം 65 അടി താഴ്ചയുള്ളതും വായുസഞ്ചാരമില്ലാത്തതുമായ കിണറ്റിലാണ് ഷിബു വീണത്. കിണറ്റിൽ താരതമ്യേനെ വെള്ളം കുറവായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ.ശ്രീകാന്ത്, വി.വിനീത് എന്നിവരാണ് ചെയർ നോട്ടിൽ കിണറ്റിലിറങ്ങി റോപ്പിന്റെയും നെറ്റിന്റെയും സഹായത്തോടെ ഷിബുവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. വായുസഞ്ചാരമില്ലാത്ത കിണറായതിനാൽ ശ്വസിക്കാനായുള്ള ബി.എ സെറ്റ് ധരിച്ചാണ് രക്ഷാപ്രവർത്തകർ കിണറ്റിലിറങ്ങിയത്.
സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഐ.ഉണ്ണികൃഷ്ണൻ, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ഷിജിത്ത് എ, സിദീഷ് വി.കെ, റിതിൻ. എസ്.കെ, അജേഷ്. കെ, ഹോംഗാർഡുമാരായ അജീഷ്. എ.സി, മുരളീധരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.