സംസ്ഥാനത്ത് പാലില്‍ വിഷാംശം: കണ്ടെത്തിയത് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാലില്‍ വിഷാംശം കണ്ടെത്തി. രാസവസ്തുവായ അഫ്ലാടോക്സിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
വിവധ ജില്ലകളില്‍ നിന്ന് ശേഖരിച്ച പത്തുശതമാനം സാമ്പിളിലാണ് അഫ്ലാടോക്സിന് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. ക്യാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് ഈ രാസവസ്തു കാരണമാകും.
സംഭവത്തില്‍ പ്രോസിക്യൂഷന് നടപടികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വ്യാപകമായ ബോധ വത്കരണത്തിന്റെ കുറവാണ് ഇതിന് കാരണമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് വ്യാപക കാമ്പയിന് നടത്താനാണ് വകുപ്പിന്റെ തീരുമാനം. വന്‍കിട പാല് കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, പ്രാദേശിക ഡയറി ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാലില്‍ വിഷാംശമുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.