വിത്തിട്ട് ഒരു മാസത്തിനിപ്പുറം വിളവെടുപ്പ്; ഡി.വൈ.എഫ്.ഐ അരിക്കുളത്ത് നടത്തുന്ന പച്ചക്കറി കൃഷിയിലെ ചീര വിളവെടുത്തു
അരിക്കുളം: ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായി നട്ട ചീര വിളവെടുത്തു. ഡി.വൈ.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് സൂര്യ കെ.എം ചീര മുറിച്ച് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഒരു മാസം മുമ്പാണ് പച്ചക്കറി കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം നടന്നത്.
സമൂഹത്തെ കൃഷിമുറ്റത്തേക്ക് ഇറക്കാനും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനുമായുള്ള കൃഷിവകുപ്പിന്റെ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. ഈ പദ്ധതിയുടെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റി കൃഷി നടത്തുന്നത്.
വെള്ളരി, പടവലം, കായപ്പ, ചീര, വെണ്ട, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഏപ്രിൽ മാസം ആദ്യവാരത്തോടെ പച്ചക്കറികൾ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.