പുഴ വീണ്ടെടുക്കാനുള്ള 4.87 കോടി രൂപയുടെ പദ്ധതി കടലാസിലൊതുങ്ങി; നടേരിയിലെ നായാടന്‍ പുഴ ഇന്ന് പായലും ചെളിയും നിറഞ്ഞ് നാശത്തിന്റെ വക്കില്‍
കൊയിലാണ്ടി: നടേരിയിലെ പ്രധാന ശുദ്ധ ജലസ്രോതസ്സായിരുന്ന നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുള്ള കോടികളുടെ പദ്ധതി കടലാസിലൊതുങ്ങി. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ 4.87 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാകാതെ പോയത്.
വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസനത്തോടപ്പമാണ് നായാടന്‍ പുഴയും പുനരുദ്ധരിക്കാനുളള പദ്ധതി തയ്യാറാക്കിയത്. കുറ്റ്യാടി ജലസേചനപദ്ധതിക്കായി പുഴ മണ്ണിട്ടുനികത്തി കനാല്‍ നിര്‍മിച്ചതോടെയാണ് നായാടന്പുഴയിലെ ഒഴുക്ക് നിലച്ചത്. ഇതോടെ പുഴയില്‍ ചെളി നിറഞ്ഞു. പായലും താമരവള്ളിയും പടര്‍ന്നു. കുളിക്കാന്‍ പോലും ആളുകള്‍ വരാതായി.
പായലും ചെളിയും നിറഞ്ഞു നാശത്തിന്റെ വക്കിലാണ് നായാടന്‍ പുഴയിപ്പോള്‍. നായാടന്‍ പുഴ നവീകരിച്ചാല്‍ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായി ഇതിനെ മാറ്റാം
വ്യത്യസ്ത കുടിവെള്ളപദ്ധതികള്‍ക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതോടെ പുഴ പൂര്‍ണമായി നശിച്ചത്. ചെറിയൊരു സ്ഥലത്തുമാത്രം നാലു പമ്പ് ഹൗസും ഇവിടെയുണ്ട്. ഒന്നു മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പുഴയിലെ ഒഴുക്ക് പുസ്ഥാപിച്ചാല് മാത്രമേ ഈ ജലസ്രോതസ്സ് വീണ്ടെടുക്കാനാവൂ.
കനാല്‍ നിര്‍മിക്കാനായി പുഴ മണ്ണിട്ടു നികത്തിയിടത്ത് മണ്ണെടുത്തുമാറ്റി പകരം അവിടെ ബോക്സ് കണ്‍വെര്‍ട്ട് നിര്‍മിച്ച് പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് വിണ്ടെടുക്കണം. ഇതിനായി കുറ്റ്യാടി ജലസേചന വകുപ്പ് അധികൃതര്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. കൊയിലാണ്ടി-അരിക്കുളം റോഡ് നായാടന്‍ പുഴ മുറിച്ചുകടക്കുന്നിടത്തും സമാനരീതിയില്‍ ബോക്സ് കള്‍വെര്‍ട്ട് പണിയണം. ഇക്കാര്യത്തില്‍ പി.ഡബ്ല്യു.ഡി. പദ്ധതി തയ്യാറാണം. എന്നാല്‍ മാത്രമേ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് വിണ്ടെടുക്കാന്‍ കഴിയുകയുള്ളൂ.