”വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഒരു മനുഷ്യന്‍ 145 ദിവസം പദയാത്ര നടത്താനൊരുങ്ങുന്ന സമയത്ത് നമുക്ക് വീട്ടിലിരിക്കാന്‍ സാധിക്കുമോ?” ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിച്ച കൊയിലാണ്ടിക്കാരന്‍ വി.പി.വേണുഗോപാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


ജീജ സഹദേവന്‍

രാ
ഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്ന് മുഴുവന്‍ സമയവും യാത്രയില്‍ പങ്കാളികളായവരില്‍ കൊയിലാണ്ടിക്കാരനും. കോണ്‍ഗ്രസ് പ്രവര്‍ത്തകനും വിമുക്ത ഭടനുമായ പി.വി. വേണുഗോപാലാണ് 136 ദിവസംകൊണ്ട് 4050 കിലോമീറ്റര്‍ നടന്ന് യാത്രയുടെ ഭാഗമായത്. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി അദ്ദേഹം തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

യാത്രയില്‍ പങ്കുചേര്‍ന്നതിനെക്കുറിച്ച്:

ഓഗസ്റ്റ് 23 ന് ആയിരുന്നു യാത്രയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിമുഖം. ഡല്‍ഹി എ.ഐ.സി.സി ഓഫീസില്‍ വച്ച് ദിഖ് വിജയ് സിംഗ് ഉള്‍പ്പെടെയുള്ളവരാണ് അഭിമുഖം നടത്തിയത്. ഇതില്‍ സെലക്ട് ആവുകയും സെപ്റ്റംബര്‍ നാലിന് കന്യാകുമാരിയിലെത്തുകയും ചെയ്തു. സെപ്റ്റംബര്‍ ഏഴിനാണ് യാത്രയില്‍ പങ്കാളിയായത്.

13 സംസ്ഥാനങ്ങള്‍, ഒരു കേന്ദ്ര ഭരണ പ്രദേശം, 72 ജില്ലകള്‍, 136 ദിവസം കൊണ്ട് 4050 പദയാത്രയായിട്ട് സഞ്ചരിച്ചു. 13 സംസ്ഥാനങ്ങളിലെയും സംസ്‌കാരങ്ങള്‍, ഭാഷകള്‍, ഭക്ഷണ രീതി, വേഷങ്ങള്‍, കൃഷിയിടങ്ങള്‍, വ്യത്യസ്തമായ കാലവസ്ഥ ഇവയൊക്കെ തൊട്ടറിയാന്‍ സാധിച്ചു.

കേരളത്തിലൊക്കെ രാവിലെ ഏഴ് മണിക്കാണ് യാത്ര ആരംഭിച്ചതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ രാവിലെ ആറ് മണിക്കാണ് യാത്ര ആരംഭിച്ചത്. എല്ലാ ദിവസവും രാവിലത്തെ പതാക വന്ദനത്തിനുള്ള ചുമതലയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ഈ 136 ദിവസവും പതാക വന്ദനത്തിന്റെ ചുമതല ഏറ്റെടുത്ത് കൃത്യമായി നിര്‍വഹിച്ചു.

യാത്രയില്‍ വെയിലും മഞ്ഞും മഴയും അതിശൈത്യവും ഉണ്ടായിരുന്നു. രാഹുല്‍ജിയുടെ നേതൃത്വം എന്ന് പറയുന്നത്, അദ്ദേഹം പറയുന്ന സമയത്തിന് മാറ്റമില്ലാതെ കാര്യങ്ങള്‍ സാധിക്കണമെന്ന വാശി അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ കേരളം വിട്ടതിന് ശേഷം എല്ലാ ദിവസവും ആറ് മണിക്ക് പദയാത്ര ആരംഭിച്ചിരുന്നു. ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ പങ്കെടുക്കണമെങ്കില്‍ നാല് മണിക്കെങ്കിലും എഴുന്നേല്‍ക്കണം. 5.30 ന് പതാകവന്ദനം കഴിഞ്ഞ് ആറ് മണിക്ക് യാത്ര തുടങ്ങും.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് അടക്കമുള്ള പല നേതാക്കളും പല സ്ഥലങ്ങളില്‍ വച്ച് യാത്രയുടെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാനിനെ ഒരു പൊതുയോഗത്തില്‍ വച്ചാണ് അദ്ദേഹം ഇതിന് മറുപടി നല്‍കിയത്. ‘കര്‍ഷകര്‍ക്ക് നാല് മണിക്ക് എഴുന്നേറ്റ് അവരുടെ കൃഷിയിടങ്ങളില്‍ പോകാമെങ്കില്‍ എന്റെ കൂടെ നടക്കുന്നവര്‍ക്ക് ആറ് മണിക്ക് പദയാത്ര ആരംഭിക്കാന്‍ സാധിക്കണം’. അവരില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ തയ്യാറാണ്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോടും ഒരു വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ കൃത്യനിഷ്ഠത ഏറെ സ്വാധീനിച്ചു.

എന്റെ കാലിന് മൂന്ന് സര്‍ജറി കഴിഞ്ഞതാണ്, സത്യം പറയുകയാണെങ്കില്‍ ഈ യാത്രയില്‍ പങ്കെടുക്കുന്ന സമയത്ത് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. മാനസികമായി ഞാന്‍ വളരെ ആരോഗ്യവാനായിരുന്നു, എന്നാല്‍ കാലിന്റെ പ്രശ്നവും എന്റെ വെയ്റ്റും (117 കിലോ) കാരണം പല പ്രാവശ്യവും എനിക്ക് പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ രാഹുല്‍ജി നല്‍കുന്ന ഊര്‍ജവും പോസിറ്റീവ് എനര്‍ജിയും വലുതാണ്. അതാണ് യാത്ര പൂര്‍ത്തിയാക്കാന്‍ പ്രചോദനമായത്.

യാത്രയിലൂടെ എന്റെ 17 കിലോ ഭാരം കുറഞ്ഞു. യാത്രയില്‍ ഒരു അടിപോലും വിടാതെ നടക്കാന്‍ സാധിച്ചു. ഇത് വലിയൊരു കാര്യമാണ്.

പ്രചോദനം:

ഇന്ന് രാജ്യം നേരിടുന്ന വിഷമങ്ങള്‍, മതേതരത്വം, തൊഴിലില്ലായ്മ, വിലക്കയറ്റം ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ഒരു മനുഷ്യന്‍ 145 ദിവസം പദയാത്ര നടത്താനൊരുങ്ങുന്ന സമയത്ത് നമുക്ക് വീട്ടിലിരിക്കാന്‍ സാധിക്കുമോ?, ഞാന്‍ ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ജനങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന വിദ്വേഷവും പേടിപ്പെടുത്തലിനും എതിരായിരുന്നു, യാത്ര വിദ്വേഷത്തിന്റെ വലിയ ടൗണില്‍ സ്നേഹത്തിന്റെ കടയാണ് തുറക്കാന്‍ പോകുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.

ജനാധിപത്യത്തിനെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുന്ന ഒരു രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നത്. അത് ജനങ്ങളില്‍ വളരെ കഷ്ടപ്പാട് ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക രംഗം താറുമാറായി കിടക്കുന്നു, തൊഴിലില്ലാതെ യുവാക്കള്‍ കഷ്ടപ്പെടുന്നു,

ഇന്ന് രാജ്യം സ്വാതന്ത്ര്യം നഷ്ടപ്പെട്ട് വര്‍ഗീയ ധ്രുവീകരണത്തിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. അതിനെതിരെയാണ് യാത്രയില്‍ പങ്കെടുത്തത്.

ജനങ്ങളുടെ പ്രതികരണം:

കന്യാകുമാരിയും കേരളവും കഴിഞ്ഞാല്‍ യാത്ര അവസാനിക്കുമെന്ന് ഭരണപക്ഷവും കേരളത്തിലെ സി.പി.ഐ.എമ്മും പറഞ്ഞിരുന്നു. ഓരോ സംസ്ഥാനങ്ങളും ജില്ലകളും കടന്നുപോകുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് യാത്രയെ വരവേറ്റത്. രാഹുല്‍ ഗാന്ധിയെ ഒന്ന് കാണാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ റോഡിന്റെ ഇരുവശവും തമ്പടിച്ചിരുന്നു.

ജനങ്ങളില്‍ ഒരു ആത്മ വിശ്വാസം ഉണ്ടാക്കാന്‍ യാത്രകൊണ്ട് സാധിച്ചു. ജനങ്ങളെ കണ്ട് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും, അവരുടെ സങ്കടങ്ങള്‍ മനസിലാക്കാനും സാധിച്ചു. ഒരുകാരണവശാലും ഇനി മറ്റുള്ളവരെ തെരഞ്ഞെടുക്കില്ലെന്നാണ് ശ്രീനഗറിലെ ജനങ്ങള്‍ പറഞ്ഞത്.

ശ്രീനഗറിലുണ്ടായ സെക്യൂരിറ്റി പ്രശ്നത്തെക്കുറിച്ച്:

രാഹുല്‍ ഗാന്ധിയെപ്പോലുള്ള ഒരാള്‍ക്ക് അവിടെ നല്‍കേണ്ട സുരക്ഷ എന്തോ ഒരു കാരണത്താല്‍ ബനിഹാളില്‍ വച്ച് ലഭിച്ചില്ല. സെക്യൂരിറ്റിയുടെ വലിയ അഭാവവും ജനങ്ങളുടെ വലിയ തള്ളിക്കയറ്റവും ഉണ്ടായി. സുരക്ഷ സേനയുടെ അഭാവം നല്ല രീതിയില്‍ ഉണ്ടായിരുന്നു, അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. അതിന് ശേഷം അതിനൊക്കെ മാറ്റം വന്നു, പന്നീട് നല്ല രീതിയിലുള്ള സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്.

രാഹുല്‍ ഗാന്ധിയെക്കുറിച്ച്

ഞാന്‍ ലോകത്ത് കണ്ട ഏറ്റവും നല്ല എളിയ മനുഷ്യന്‍, നല്ല സ്നേഹമുള്ള മനുഷ്യന്‍, ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന പച്ചയായ മനുഷ്യന്‍, അതാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ പോലൊരു നേതാവിന്റെ കൂടെ ഇത്രയും ദിവസം നടക്കാന്‍ സാധിച്ചതില്‍ ആത്മാഭിമാനം കൊള്ളുന്നു.

എന്റെ നാടിന് വേണ്ടിയാണ് യാത്രയില്‍ പങ്കെടുത്തത്. യാത്രയില്‍ രാഹുല്‍ ഗാന്ധിയുമായി രണ്ട് തവണ സംസാരിക്കാന്‍ സാധിച്ചു. എന്റെ നാടിന്റെ കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. എന്റെ നാടിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും അദ്ദേഹത്തെ അറിയിച്ചു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കുകയും അതിനുള്ള നടപടി ഉണ്ടാകുമെന്ന് പറയുകയും ചെയ്തു.

തിരിച്ചുവരവ്

ഇന്ന് വൈകിട്ട് കൊയിലാണ്ടി എത്തേണ്ടതായിരുന്നു, എന്നാല്‍ ശ്രീനഗറിലെ അതി രൂക്ഷമായ മഞ്ഞ് മഴയും മലയിടിച്ചിലും കാരണം റോഡ് ബ്ലോക്കായി. ഇന്നലെയാണ് ശ്രീനഗറില്‍ നിന്നും റോഡ് മാര്‍ഗം പുറപ്പെട്ടത്. എന്നിട്ടും ബനിഹാളില്‍ ആറ് മണിക്കൂര്‍ കുടുങ്ങി. രാത്രി 10 മണിയോടെ ജമ്മുവിലും അവിടുന്ന് ട്രെയിനില്‍ ഇന്ന് രാവിലെ ഡല്‍ഹിയിലുമെത്തി. എന്റെ ഭാര്യവീട് ഡല്‍ഹിയിലാണ്. ഇപ്പോള്‍ അവിടാണുള്ളത്. നാളെ രാവിലെ 5.15 ന്റെ ഫ്ളൈറ്റിനാണ് നാട്ടിലേക്ക് വരുന്നത്. ഒന്‍പത് മണിക്ക് നാട്ടിലെത്തും.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയില്‍ സ്ഥിരം യാത്രക്കാരായി 120 പേരാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത് പിന്നീട് ഇത് 200 ആയി ഉയര്‍ന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന വേണുഗോപാല്‍ അതിന് ശേഷം ആര്‍മിയില്‍ ചേരുകയായിരുന്നു. ആര്‍മിയില്‍ നിന്ന് തിരിച്ചുവന്ന് 2008 ന് ശേഷം പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ് ഇദ്ദേഹം. രണ്ട് തവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. കൊയിലാണ്ടി നഗരസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.