മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ശരീരത്തിലെ കൊളസ്ട്രോൾ വ്യതിയാനവും വില്ലനാകും, നോക്കാം വിശദമായി


സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. അതുപോലെ ചിലര്‍ക്കാണെങ്കില്‍ നെറ്റി കയറി വരുന്ന അവസ്ഥയും. അതുപോലെ സ്ത്രീകളിലാണെങ്കില്‍ മുടി കൊഴിഞ്ഞ് തലയോട്ടിയെല്ലാം കണ്ടുവരുന്നതെല്ലാം മുടികൊഴിച്ചില്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. താരൻ, പി.സി.ഒ.ഡി തുടങ്ങിയവയെല്ലാം മുടികോഴിച്ചിലിന് കാരണമായി പറയാറുണ്ട്. എന്നാൽ കൊളസ്ട്രോളും മുടിയുടെ വളർച്ചയെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.

മനുഷ്യശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തിയത്. പഠനവിവരങ്ങൾ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് റീപ്രൊഡക്ഷൻ എന്ന അക്കാദമിക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനത്തിൽ പറയുന്നത് ഇപ്രകാരം:- ത്വക്കിന്റെ സാധാരണ പ്രവർത്തനങ്ങൾക്കും മുടിവളർച്ചയുടെ രൂപവത്കരണത്തിലും കൊളസ്‌ട്രോൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. കൊളസ്‌ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളർച്ചയെ ബാധിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോളും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തിയ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.ശ്രീജിത്തിന്റെ (നടുക്ക്)നേതൃത്വത്തിലുള്ള സംഘം കൊളസ്‌ട്രോളിലെ വ്യതിയാനം ഹെയർ ഫോളിക്കിളുകൾ (മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കിൽ പാട് (സ്‌കാർ) രൂപപ്പെടുത്താനും ഇടയാക്കുന്നു എന്ന് കണ്ടെത്തി.

എലികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്. എലികൾക്ക് മരുന്നുകൾ കൊടുത്ത് ത്വക്കിലെ കൊളസ്‌ട്രോൾ തടസ്സപ്പെടുത്തിയപ്പോൾ അവയ്ക്ക് പുതിയ രോമം ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി. മുടികൊഴിച്ചിലുള്ള മനുഷ്യരുടെ ജീനുകളെക്കുറിച്ചും പഠനം നടത്തി. മനുഷ്യരിൽ അമിത അളവിലുള്ള കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകളും മുടികൊഴിച്ചിലിനു കാരണമാകുന്നതായും പഠനത്തിൽ കണ്ടെത്തി. ശരീരത്തിലെ ഹോർമോണായ ആൻജിയോടെൻസിന് ഹെയർ ഫോളിക്കിളിൽ ഉള്ള സ്വാധീനവും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നജീബ് എസ്., ബിനുമോൻ ടി.എം., സൂര്യ സുരേഷ്, നിഖില ലീമോൻ തുടങ്ങിയ ഗവേഷകരും പഠനത്തിൽ പങ്കാളികളായി.

Summary: Worried about hair loss? Cholesterol variation in the body can also be the reason, let’s see in detail