കൊയിലാണ്ടിയിലെ യൂത്ത് ലീഗിന്റെ ദേശീയപാത ഉപരോധം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍, പരസ്യമായി പ്രതികരിച്ച് യുവതി, പിന്തുണയുമായി യാത്രക്കാര്‍, ഒടുവില്‍ പോലീസിന്റെ ഇടപെടല്‍ (വീഡിയോ)
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യൂത്ത് ലീഗിന്റെ റോഡ് ഉപരോധത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് യാത്രക്കാര്‍ രംഗത്തിറങ്ങിയത്.
ഗതാഗത തടസം രൂക്ഷമായതോടെ ഒരു യുവതിയാണ് പ്രതിഷേധത്തിനെതിരെ പരസ്യമായി പ്രതികരിച്ചത്. പിന്നീട് യുവതിക്ക് പിന്തുണയുമായി യാത്രക്കാരുമെത്തുകയായിരുന്നു. വൈകുന്നേരമായതിനാല്‍ നിരവധിപ്പേരാണ് വഴിയിലും വാഹനങ്ങളിലുമായുണ്ടായിരുന്നത്. കൂടുതല്‍പ്പേരും വീടുകളിലേക്ക് മടങ്ങുന്ന തിരക്കിലുമായിരുന്നു.
15 മിനിറ്റിലധികം യൂത്ത് ലീഗുകാര്‍ ഗതാഗതതടസം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാരും പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയവരും തമ്മില്‍ തര്‍ക്കമായതോടെ പോലീസ് വിഷയത്തില്‍ ഇടപെടുകയും സമരക്കാരെ നീക്കുകയുമായിരുന്നു.
റോഡ് ഉപരോധത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞാണ് റോഡ് ഗതാഗതം സാധാരണ നിലയില്‍ പുനസ്ഥാപിക്കാനായത്.