മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം; ജനുവരി 25ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനായി സ്വന്തമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷി വകുപ്പിന്റെ അപ്പെന്റിക്‌സ് അപേക്ഷാ ഫോറം പൂരിപ്പിച്ച് 2022-23 വര്‍ഷത്തെ കൃഷി ചെയ്ത സ്ഥലത്തിന്റെ കരം അടച്ച രസീത് (പാട്ട കൃഷിയാണെങ്കില്‍ കരം അടച്ച രസീതിനൊപ്പം പാട്ട ശീട്ടും ഉള്‍പ്പെടുത്തുക), ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി കോഡ് ഉള്ള ബാങ്ക് പാസ്ബുക്ക് എന്നിവ ചേര്‍ത്ത് മേപ്പയൂര്‍ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയില്‍ കൃഷി ചെയ്യുന്ന വിളകള്‍, കൃഷി ചിലവുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തുക. കര്‍ഷകര്‍ ഗ്രൂപ്പായാണ് കൃഷിചെയ്യുന്നതെങ്കില്‍ ഗ്രൂപ്പ് കണ്‍വീനറുടെ പേരില്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇതിനായി കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ പച്ചക്കറികൃഷി ചെയ്തിരിക്കണം. കണ്‍വീനറുടെ പേരില്‍ മുകളില്‍ കൊടുത്ത രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജനുവരി 25 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.