‘സിനിമിൽ അഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ അച്ഛന് ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകും, ആറ് മാസത്തോളം ഇത് തുടര്‍ന്നു, അവസാനം സമ്മതിപ്പിച്ച സൂത്രം ഇങ്ങനെ’; താരസുന്ദരി ഹണി റോസിന്റെ കുടുംബവിശേഷങ്ങള്‍ | Actress Honey Rose | Parents | Interview
മലയാളത്തില്‍ തുടങ്ങി ഇപ്പോള്‍ തമിഴിലും തെലുങ്കിലും വരെ തിളങ്ങി നില്ക്കുന്ന താരമാണ് ഹണി റോസ്. തെലുങ്കിലെ സൂപ്പര്‍ താരം ബാലയ്യ നായകനാകുന്ന വീരസിംഹ റെഡ്ഡിയാണ് ഹണി റോസിന്റെതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിലെ ഹണിയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്തെ വര്‍ഗീസ് തോമസിന്റെയും റോസിലി വര്‍ഗീസിന്റെയും മകളായി 1991 സെപ്റ്റംബര്‍ അഞ്ചിനാണ് ഹണി റോസ് ജനിച്ചത്. ഹണി റോസ് സിനിമയിലെത്താനായി ഏറ്റവും കൂടുതല്‍ പിന്തുണ നല്കിയതും മാതാപിതാക്കളാണ്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ ഹണി റോസിന്റെ മാതാപിതാക്കള്‍. ബിഹൈന്റ് വുഡ്സിന് വേണ്ടി വീണ മുകുന്ദന് നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ഹണിയുടെ അച്ഛന് മകള്‍ സിനിമയിലേക്ക് പോകുന്നതിനോട് തീരെ താല്‍പ്പര്യമില്ലായിരുന്നു എന്നാണ് അമ്മ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
‘വൈകുന്നേരം ഫുഡ് കഴിക്കുമ്പൊ, സിനിമാക്കാര്യം പറയും. അപ്പൊ ഹണിയുടെ ഡാഡി ആദ്യം കൈ കഴുകി എഴുന്നേറ്റ് പോകും. ഭക്ഷണം കഴിക്കില്ല. ആറ് മാസം ഇതായിരുന്നു അവസ്ഥ.’ -ഹണി റോസിന്റെ അമ്മ റോസിലി പറഞ്ഞു.
താനാണ് ഹണിക്ക് വേണ്ടി സിനിമാക്കാര്യം ഡാഡിയോട് ചോദിച്ചിരുന്നത്. അവസാനം മടുത്തിട്ട് ഹണിയെ കൊണ്ട് തന്നെ ചോദിപ്പിച്ച് സൂത്രത്തിലാണ് സമ്മതിപ്പിച്ചെടുത്തതെന്നും ഹണിയുടെ അമ്മ പറഞ്ഞു.
ഹണിയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ഹണിയുടെ അച്ഛനും അഭിമുഖത്തില്‍ മനസ് തുറന്നു. താരത്തിന്റെ അമ്മയുടെ അച്ഛന് സിനിമ ഉള്‍പ്പെടെ എല്ലാ കലകളോടും ഏറെ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹമാണ് ഹണി റോസ് സിനിമയിലെത്താന്‍ യഥാര്‍ത്ഥ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയ്യെത്തും ദൂരെ വച്ച് ഹണി റോസിന് ആദ്യ സിനിമ നഷ്ടപ്പെട്ട കഥയും അദ്ദേഹം ഓര്‍ത്തെടുത്തു.
‘മുമ്പ് ഒരു സിനിമയിലേക്ക് മോളെ പറഞ്ഞു വച്ചിരുന്നു. എന്നാല്‍ സമയമായപ്പോള്‍ അവര്‍ നമ്മളോട് ഒന്നും മിണ്ടാതെ വേറെ ആള്‍ക്ക് സിനിമാ കൊടുത്തു. അത് മോള്‍ക്ക് ഭയങ്കര വിഷമമായി. അത് കണ്ട് എനിക്ക് അതിനെക്കാള്‍ വിഷമമായി. അങ്ങനെയാണ് താന്‍ സിനിമാക്കാര്യത്തില്‍ താല്‍പ്പര്യമെടുത്തത്.’ -ഹണി റോസിന്റെ അച്ഛന് വര്‍ഗീസ് തോമസ് പറഞ്ഞു.
തുടര്‍ന്ന് താന്‍ ചില സംവിധായകരെ സമീപിച്ചു. ഒടുവില്‍ വിനയന് സാര്‍ ഓ.കെ. പറഞ്ഞു. അങ്ങനെയാണ് ഹണി റോസ് ആദ്യ ചിത്രമായ ബോയ് ഫ്രണ്ടില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവിടെയായിരുന്നു തന്റെ ഒഡീഷനെന്നും പട്ടണം റഷീദാണ് തന്നെ ആദ്യമായി മേക്ക് അപ്പ് ചെയ്തതെന്നും അച്ഛന് പറഞ്ഞതിനോട് അനുബന്ധമായി ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, താങ്ക് യൂ, അഞ്ച് സുന്ദരികള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിങ് മാസ്റ്റര്‍, വണ്‍ ബൈ ടു, ചങ്ക്സ് തുടങ്ങി നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളില്‍ ഹണി റോസ് വേഷമിട്ടിട്ടുണ്ട്. ബാലയ്യ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ പരിപാടിയില്‍ തെലുങ്കില്‍ പ്രസംഗിച്ച് ഹണി റോസ് കയ്യടി നേടിയിരുന്നു.
Summary: Malayalam actress Honey Rose and her parents interviewed. They reveal how Honey Rose came to cinema world.