വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ക്കിടയില്‍ 500 ന്റെ നോട്ടുകള്‍; ദാരിദ്ര്യത്തിനിടയിലും ആളെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിച്ച് ചേമഞ്ചേരിയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തക


കൊയിലാണ്ടി: മാസം തേറും വീടുകളിലെത്തി കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കൊണ്ടുപോകുന്ന ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നും നമുക്ക് ഒരു സഹായം തന്നെയാണ്. ഇത്തരത്തില്‍ ശേഖരിച്ച് പ്ലാസ്റ്റിക്കില്‍ നിന്നും ലഭിച്ച പണം ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി മാതൃകയായിരിക്കുകയാണ് ചേമഞ്ചേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഹരിത കര്‍മ്മസേന അംഗം വിജയ.

വീടുകളില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കവറുകള്‍ മാറ്റി നിറയ്ക്കുന്നതിനിടെയാണ് ശേഖരിച്ച പ്ലാസറ്റിക് കവറുകള്‍ക്കിടയില്‍ ഏതാനും 500ന്റെ നോട്ടുകള്‍ വിജയിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കവര്‍ നല്‍കിയ ഉടമസ്ഥയെ തിരിച്ചറിഞ്ഞ വിജയ വിവരം ഉടമസ്ഥയെയും വാര്‍ഡ് മെമ്പറെയും അറിയിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന മേലേടുത്ത് ലീലയുടെതായിരുന്നു പണം. അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയാണ് വിജയ ലീലയ്ക്ക് പണം കൈമാറിയത്.

3500 രൂപയാണ് സഞ്ചികള്‍ക്കിടയില്‍ നിന്നും വിജയയക്ക് ലഭിച്ചിരുന്നത്. വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഉണ്ണി മാസ്റ്റര്‍ മാടഞ്ചേരി, തൊഴിലുറപ്പ് മേറ്റ് അജിത എന്നിവരും തൊഴിലാളികളും പണം കൈമാറുന്നതിന് സാക്ഷികളായി.

ഈ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് വിജയയും കുടുംബവും ജീവിതം മുന്നോട്ട് നീക്കുന്നത്. നിര്‍മ്മാണ തൊഴിലാളിയായ ഭര്‍ത്താവ് ആന്‍ഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞിരിക്കുന്നതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. മക്കള്‍ രണ്ട് പേരും വിദ്യാര്‍ഥികളുമാണ്.