‘നീല ഷര്‍ട്ട് ധരിച്ച ആളുമായി ബൈക്കില്‍ വരുന്ന രാജന്‍’; വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിലെ നിര്‍ണ്ണായക സി.സി.ടി.വി. ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)


വടകര: വടകരയില്‍ കൊല്ലപ്പെട്ട വ്യാപാരി രാജന്‍ രാത്രി കടയിലേക്ക് നീലഷര്‍ട്ടിട്ട ആളോടൊപ്പം ബൈക്കില്‍ വരുന്ന ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ നിര്‍ണായക ദൃശ്യങ്ങളാണിത്.

ശനിയാഴ്ച്ച രാത്രി എട്ടേ മുക്കാലോടെ രാജന്‍ ബൈക്കില്‍ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കിന് പിറകില്‍ ഒരു നീലഷര്‍ട്ടുകാരനേയും കാണാം. സമീപത്തെ കടയില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

രാജന്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മറ്റേയാളുടെ മുഖം വ്യക്തവുമല്ല. 8.41 എന്നാണ് സി.സി.ടി.വിയില്‍ സമയം രേഖപ്പെടുത്തിയിരിക്കുന്നത്. നീല ഷര്‍ട്ടുകാരനെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, കേസില്‍ ഇരുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഫോണ്‍കോളും വാട്സ്ആപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

രാജനെ അറിയാവുന്നയാളാണ് കൊല നടത്തിയതെന്ന തരത്തില്‍ നേരത്തേ സൂചനകളുണ്ടായിരുന്നു. ഇദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവരെയും ഫോണില്‍ വിളിച്ചവരെയും വാട്സ്ആപ്പില്‍ ചാറ്റ് ചെയ്തവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

ടകര ടൗണിലെ പ്രധാനഭാഗങ്ങളിലെ സി.സി.ടി.വികളും പൊലീസ് പരിശോധിച്ച് വരികയാണ്. സമീപത്തെ കടകളില്‍ നിന്നുള്ള ജീവനക്കാരില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

രാജനൊപ്പം രാത്രി കടയില്‍ നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി സമീപത്തെ കടയുടമ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും അന്വേഷണം തുടരുന്നുണ്ട്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് രാജനെ സ്വന്തം കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജന്റെ മുഖത്ത് മര്‍ദനമേറ്റ പാടുണ്ടായിരുന്നു. മുറിക്കുള്ളില്‍ മല്‍പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായതായും പൊലീസ് പറഞ്ഞു. മുറിയില്‍ ഫാനും കസേരയും മറിഞ്ഞ് കിടന്നിരുന്നു.

സമീപത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണമാലയും മോതിരവും  ബൈക്കും കടയില് നിന്ന് പണവും നഷ്ടപ്പെട്ടിട്ടുണ്ട്.

വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ മേല്‍നോട്ടത്തില്‍ സി.ഐയ്ക്ക് കീഴില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Summary: Exclusive visuals of Rajan Murder case Vatakara