ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്


ഇടുക്കി: കുമളിക്ക് സമീപം തമിഴ്‌നാട്ടില്‍ ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. ശിവകുമാര്‍ (45), വിനോദ് (43), നാഗരാജ് (50), ഗോപാല കൃഷ്ണന്‍ (42), കന്നിച്ചാമി, കലാശെല്‍വന്‍, ദേവദാസ്, മുനിയാണ്ടി എന്നിവരാണ് മരിച്ചത്.

കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. രാജാവ്, ഹരിഹരന്‍ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ രാജാവിന്റെ നില ഗുരുതരമാണ്.

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്ക് വാഹനം തലകീഴായി മറിയുകയായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.