കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്നു; സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍
വടകര: 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രദേശത്തെ ഗതാഗത സൗകര്യം സുഖമമാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പാര്‍ക്കിങ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനും ഏറ്റവും മികച്ച രീതിയില്‍ പരിപാടി നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള മറ്റു സൗകര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
13 വിദേശ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ മേളയിലെത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 400 കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും മേളയില്‍ എത്തും. കരകൗശല മേഖല, കൈത്തറി മേഖല, കളിമണ്‍ പൈതൃക മേഖല, പരമ്പരാഗത കലാപ്രദര്‍ശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.