കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ശുചീകരിക്കാൻ ജനുവരി 26 ന് 50,000 പേർ ഇറങ്ങും; സംഘാടകസമിതിയായി


കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ നവീകരണത്തിന് സംഘാടക സമിതിയായി. ജനുവരി 26 ന് നടക്കുന്ന കനാൽ ശുചീകരണത്തിന് 50,000 പേരെ പങ്കെടുപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ഏതാണ്ട് നാലര കോടി രൂപയുടെ മനുഷ്യാധ്വാനം ഇതിലൂടെ ചെലവഴിക്കും.

1957 ലെ ഇ.എം.എസ് സർക്കാരിൻ്റെ മാസ്റ്റർ പ്ലാൻ പ്രകാരമാണ് കുറ്റ്യാടി ജലസേചന പദ്ധതി രൂപപ്പെട്ടത്. 1963 ൽ പ്രവൃത്തി ആരംഭിച്ച് 1973 ൽ ഒന്നാം ഘട്ടവും 1993 ൽ പൂർണ്ണമായും പൂർത്തിയായി. വടകര, കൊയിലാണ്ടി താലൂക്കുകളിലും കോഴിക്കോട് താലൂക്കിലെ ഏതാനും പഞ്ചായത്തുകളുമാണ് പരിധി. മൊത്തം 75 കിമീ നീളത്തിൽ 2 പ്രധാന കനാലുകളും 300 ലധികം ഉപകനാലുകളിലുമായി ഏതാണ്ട് 36000 ഏക്കർ സ്ഥലത്ത് ജലസേചനമായിരുന്നു ലക്ഷ്യം.

പേരാമ്പ്രയിലെ ആവള പാണ്ടി, വെളിയണ്ണൂർ ചല്ലി അടക്കം വൻ പാടശേഖരങ്ങളിലും നൂറുകണക്കിന് ചെറു പാടശേഖരങ്ങളിലും ജലമെത്തുന്നുണ്ട്. ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്സുമായി ഈ കനാൽ മാറിയിട്ടുണ്ടെങ്കിലും ഇന്ന് നാശത്തിൻ്റെ വക്കിലാണ്. 50 വർഷത്തിലധികം പഴക്കമുള്ള അക്വഡക്ടുകളും ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. കളകളും മരങ്ങളും വളർന്ന് കനാൽ നശിച്ചു. കനാലിൻ്റെ അക്വഡക്ടുകളെല്ലാം ചോർച്ചയിലാണ്. മറ്റു ഭാഗങ്ങളിലടക്കം കനാൽ ചോർച്ച കൊണ്ട് നിരവധി ജലമാണ് പാഴായി പോകുന്നത്.

ഏതാണ്ട് 180 കോടി രൂപ ചെലവിട്ടാൽ മാത്രമേ പൂർണ്ണമായി കനാൽ പുനരുദ്ധരിക്കാൻ കഴിയുകയുള്ളൂവെന്നാണ് സർക്കാർ വകുപ്പുകൾ കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ നിലയിൽ 10 കോടി രൂപ സർക്കാർ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ തുടക്കമെന്ന നിലയിലാണ് കർഷക സംഘം കനാൽ ശുചീകരണം ആരംഭിക്കുന്നത്. രാവിലെ 8 മുതൽ ഒരേ സമയത്ത് മുഴുവൻ കനാൽ ഭാഗങ്ങളിലും ശുചീകരണം ആരംഭിക്കും.

ജില്ലയിലെ മന്ത്രിമാർ, എം.എൽ.എമാർ അടക്കം മുഴുവൻ ജനപ്രതിനിധികളും വിവിധ വർഗബഹുജന സംഘടനാ പ്രവർത്തകരും തൊഴിലുറപ്പു തൊഴിലാളികളും മറ്റു മേഖലയിലെ തൊഴിലാളികളുമെല്ലാം ജനുവരി 26 ൻ്റെ പരിപാടിയിൽ പങ്കെടുക്കും. ശുചീകരണത്തിന് മുന്നോടിയായി സ്ഥലസന്ദർശനം നടത്തി ചെയ്യേണ്ട പ്രവൃത്തിയെക്കുറിച്ച് പഠനം നടത്തും.

സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ പ്രസിഡൻറ് എം.മെഹബൂബ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോർജ് എം. തോമസ് പദ്ധതി വിശദീകരണം നടത്തി. സി.ഭാസ്ക്കരൻ കമ്മിറ്റിയെ കുറിച്ചുള്ള പാനൽ അവതരിപ്പിച്ചു.

വിവിധ സംഘടനാ നേതാക്കളായ കെ.കെ.ദിനേശൻ, കെ.പുഷ്പജ, പി.സി.ഷൈജു, കെ.ദാസൻ, എം.ലക്ഷ്മി, പി.വിശ്വൻ എന്നിവർ സംസാരിച്ചു. കെ.ഷിജു സ്വാഗതവും പി.കെ.ബാബു നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി ടി.പി.രാമകൃഷ്ണൻ എം.എൽ.എ (ചെയർപേഴ്സൺ), കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, കെ.കെ.ദിനേശൻ, പി.കെ.മുകുന്ദൻ, കെ.പുഷ്പജ, കെ.ചന്ദ്രൻ, പി.സി.ഷൈജു, കെ.വി.അനുരാഗ്, ഹംസ കണ്ണാട്ടിൽ (വൈസ് ചെയർപേഴ്സൺമാർ), ജോർജ് എം. തോമസ് (ജനറൽ കൺവീനർ), സി.ഭാസ്ക്കരൻ, കെ.ഷിജു, മാമ്പറ്റ ശ്രീധരൻ, ആർ.പി.ഭാസ്ക്കരൻ, ഡി.ദീപ, എൽ.ജി.ലിജീഷ്, താജുദ്ദീൻ, എം.ലക്ഷ്മി, കെ.പി.രാജേഷ് (ജോയിന്റ് കൺവീനർമാർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.