പെട്രോള്‍ പമ്പുകളില്‍ അഗ്നിരക്ഷാ സേനയുടെ സുരക്ഷാ പരിശോധനയും ക്ലാസും ഫലം കണ്ടു; കൊയിലാണ്ടിയില്‍ ഇന്നലെ മാത്രം ഒഴിവായത് രണ്ട് വന്‍ അപകടങ്ങള്‍
കൊയിലാണ്ടി: കഴിഞ്ഞദിവസങ്ങളില്‍ കൊയിലാണ്ടിയിലെ പെട്രോള്‍ പമ്പുകളില്‍ അഗ്നിരക്ഷാ സേന നടത്തിയ സുരക്ഷാ പരിശോധനയും ജീവനക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമവും ഫലം കണ്ടു. ഇന്നലെ മാത്രം കൊയിലാണ്ടിയിലെ രണ്ട് പെട്രോള്‍ പമ്പുകളിലായി നടന്ന രണ്ട് അപകടങ്ങളിലാണ് ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടല്‍ തുണയായത്.
ജില്ലാ കലക്ടറുടെയും റീജണല്‍ ഫയര്‍ ഓഫീസറുടെയും നിര്‍ദ്ദേശപ്രകാരമാണ് കൊയിലാണ്ടി മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയത്. പമ്പുകളില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നും ഇത് ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഉള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
പല പമ്പുകളിലും അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്കി. ഇവിടങ്ങളില്‍ ഉള്ള ജീവനക്കാര്‍ക്ക് എങ്ങനെ അഗ്നി സുരക്ഷ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കണം എന്നുള്ള ലഘുവായ അവബോധവും പരിശോധനക്കിടയില്‍ നടത്തിയിരുന്നു.
പരിശോധനയുടെ പ്രാധാന്യം വിളിച്ചോതുന്നതരത്തില്‍ ആണ് ഇന്നലെ കൊയിലാണ്ടി രണ്ടു പെട്രോള്പമ്പുകളില് നടന്ന അപകടങ്ങള്‍. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊയിലാണ്ടി മുരളി പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വന്ന ബൈക്കിന് തീ പിടിക്കുകയും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം തീ അണക്കാനും സാധിച്ചു. അഗ്നി സുരക്ഷ പരിശീലനം കിട്ടിയ ടൗണ്‍ ജാഗ്രതാ സമിതി അംഗങ്ങളായ നൗഷാദ്, ഗോപാലകൃഷ്ണന് എന്നിവരുടെ ഇടപെടലുകള്‍ അതിനു സഹായിച്ചു.
ഇന്നലെ വൈകുന്നേരം ചേമഞ്ചേരി പെട്രോള്‍പമ്പില്‍ സി.എന്‍.ജി റീഫില്‍ ചെയ്യാനെത്തിയ ലോറിയില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് ആശങ്ക പടര്‍ന്നെങ്കിലും ഇവിടെയും ജീവനക്കാര്‍ കൃത്യസമയത്ത് ഇടപെട്ടു. ലോറിയില്‍ നിന്നും ഗ്യാസ് പമ്പിലേക്ക് നിറയ്ക്കുന്നതിടെ ലീക്കാവുകയായിരുന്നു. തീപടരാതിരിക്കാനുള്ള ഇടപെടല്‍ ജീവനക്കാര്‍ നടത്തുകയും അഗ്നിരക്ഷാ സേനയെത്തി ലീക്ക് അടയ്ക്കുകയുമായിരുന്നു.
അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെയും പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള അറിവും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് ഇന്നലെ നടന്ന സംഭവങ്ങള്‍ അടയാളപ്പെടുത്തുന്നതായി സ്റ്റേഷന് ഓഫീസര്‍ സി.പി.ആനന്തന് അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മേഖലയിലെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്ക് വിശദമായ അഗ്നി സുരക്ഷാ ക്ലാസുകള്‍ ഉടന്‍ നല്‍കുമെന്നും ഓഫീസര്‍ പറഞ്ഞു.