ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; ഒരു മാസമായി ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു


Advertisement

വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയൽ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്.

Advertisement

കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കർഷകനായ സത്യൻ നെൽ വിത്തെടുക്കാൻ പോകുന്നതിനിടയിൽ സഞ്ചരിച്ച ഓട്ടോയിൽ നിന്ന് ഒന്ന് പുറത്തിറങ്ങി നിന്നപ്പോഴാണ് പെരുവയലിലെ നെല്ലിയുള്ള കണ്ടി താഴ വെച്ച് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ സൈഡ് മിറർ പൊട്ടിത്തകരുകയും അദ്ദേഹം റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. ആന്തരികാവയവങ്ങൾക്കുൾപ്പെടെ സാരമായ പരിക്കേറ്റ സത്യനെ നാട്ടുകാരും ജീപ്പ് ഡ്രൈവറും ചേർന്ന് പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

Advertisement

കുറ്റ്യാടി പൊലീസിന്റെ സാന്നിധ്യത്തിൽ ഇപ്പോൾ പോസ്റ്റ് മോർട്ടം നടന്നുകൊണ്ടിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം നാല്മണിയോട് കൂടി വീട്ട് വളപ്പിൽ ശവസംസ്കാരം നടക്കും. ഭാര്യ:ശോഭ. മക്കൾ: സഗിൽ, ജിൻസി. മരുമകൻ: അഖിൽ നമ്പാട്ടിൽ.സഹോദരങ്ങൾ: കുമാരൻ,രാജീവൻ,മനോജ്,സനീഷ്

Advertisement