ഗതാഗത നിയമങ്ങൾ പാലിക്കൂ, ജീവിതത്തിന്റെ മധുരം നുണയൂ; കൊയിലാണ്ടിയിൽ ട്രാഫിക് നിയമം പാലിച്ച് വാഹനം ഓടിച്ചവർക്ക് പൊലീസിന്റെ വക മിഠായിയും പൂച്ചെണ്ടും
കൊയിലാണ്ടി: ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുമ്പോൾ ജീവിതത്തിന്റെ മധുരം നുകരാമെന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ പൊലീസിന്റെ ബോധവൽക്കരണം. ട്രാഫിക് നിയമങ്ങൾ പാലിക്കുക, റോഡ് അപകടങ്ങൾ ഒഴിവാക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഗതാഗത നിയമം പാലിച്ച് കൊണ്ട് വാഹനം ഓടിച്ചവർക്ക് പൂച്ചെണ്ടും മിഠായിയും നൽകി.
കൊയിലാണ്ടി പൊലീസ്, ട്രാഫിക് യൂണിറ്റ്, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയത്. ഗതാഗത നിയമം പാലിച്ചവർക്ക് പൂച്ചെണ്ടും മിഠായിയും നൽകിയതിനൊപ്പം ഗതാഗത നിയമങ്ങൾ ലംഘിച്ചവർക്ക് ബോധവൽക്കരണ നോട്ടീസും വിതരണം ചെയ്തു.
കോഴിക്കോട് റൂറൽ ജില്ലാ അഡീഷണൽ എസ്.പി എം.പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ, എസ്.ഐമാരായ എം.എൽ.അനൂപ്, വി.ആർ.അരവിന്ദ്, കെ.എം.രവീന്ദ്രൻ, എൻ.കെ.ദിനേശൻ, സുലൈമാൻ, എസ്.സി.പി.ഒ വിജു വാണിയംകുളം, എച്ച്.എം-ഇൻചാർജ് ഷജിത ടീച്ചർ, റെജിന, എഫ്.എം.നസീർ, ഉണ്ണികൃഷ്ണൻ, പി.സുധീർകുമാർ, ജയരാജ് പണിക്കർ, ഹരീഷ്, തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിൽ നടന്ന ട്രാഫിക് ബോധവൽക്കരണ പരിപാടി കോഴിക്കോട് അഡീഷണൽ റൂറൽ എസ്.പി പി.എം.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.