താമരശ്ശേരിയില്‍ പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ മയക്കുമരുന്ന് കച്ചവടം; മെത്താംഫെറ്റമിനുമായി അഞ്ചംഗ സംഘം പിടിയില്‍


താമരശ്ശേരി: താമരശ്ശേരി പോസ്‌റ്റോഫീസിന് എതിര്‍വശത്തെ കെട്ടിടത്തിലെ ഒഴിഞ്ഞമുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്ന സംഘം പിടിയില്‍. കോഴിക്കോട് റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘവും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തല്‍ അല്‍ത്താഫ് സജീദ്, സഹോദരന്‍ കാരാടി വെങ്ങേരി മീത്തല്‍ അല്‍ത്താഫ് ഷെരീഫ്, കെട്ടിട ഉടമ താമരശ്ശേരി സര്‍വ്വീസ് ഹൗസില്‍ ഷാനിദ്, താമരശ്ശേരി ചുണ്ടങ്ങാപ്പൊയില്‍ അതുല്‍, താമരശ്ശേരി പരപ്പന്‍പൊയില്‍ ഒഴ്കരിപറമ്പത്ത് അബ്ദുല്‍ റഷീദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഇവരില്‍ നിന്നും 17.920 ഗ്രാം മെത്താംഫെറ്റമിനും ഇലക്ട്രോണിക് ത്രാസും മയക്കുമരുന്ന് വില്‍പ്പന നടത്താനുള്ള ചെറുകവറുകളും കണ്ടെടുത്തു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന അല്‍ത്താഫ് സാജിദിന്റെ ആഢംബരക്കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

നാട്ടുകാരാണ് മയക്കുമരുന്ന് കച്ചവടം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പൊലീസ് സ്റ്റേഷന്റെയും പഴയ ബസ് സ്റ്റാന്റിന്റെയും തൊട്ടടുത്താണ് ഈ കെട്ടിടം.

കോഴിക്കോട് ഇന്റീരിയര്‍ ഷോപ്പ് നടത്തിവരികയാണ് എം.ബി.എ ബിരുദധാരിയായ അല്‍ത്താഫ് സാജിദ്. ഇയാളാണ് വില്‍പ്പനയ്ക്കായി മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.