പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി; ധനവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ല. ഈ സ്ഥാപനങ്ങളില്‍ പഠനത്തിനുശേഷം തീരുമാനമെടുക്കും.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതരത്തിലുള്ള പെന്‍ഷന്‍ പ്രായമാണ് നിലനില്‍ക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22നാണ് മന്ത്രിസഭായോഗം പരിഗണിച്ചത്. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആറു ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിക്കും. നേരത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. വളര്‍ച്ചയുള്ള സ്ഥാപനങ്ങളെ ഉയര്‍ന്ന ഗ്രേഡില്‍ ഉള്‍പ്പെടുത്തും.
ക്ലാസിഫിക്കേഷന്‍ ലഭിക്കാന്‍ അതതു പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവയെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളില്‍ ധനകാര്യ സ്റ്റേറ്റ്‌മെന്റ് നല്‍കാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.