ആശുപത്രിയില്‍ നിന്നും കത്രിക നഷ്ടമായിട്ടില്ല: യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്
കോഴിക്കോട്: യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2017 നവംബറിലാണ് പ്രസവത്തിനായി യുവതി എത്തിയത്. പ്രസവശേഷം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ യുവതിയെ അലട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ സി.ടി സ്‌കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തന്നെ ശസ്ത്രക്രിയവഴി 11സെ മീ നീളമുള്ള കത്രിക പുറത്തെടുക്കുകയാണ് ചെയ്തത്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നിരുന്നു.
യുവതിയുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.