‘കർഷകരെയും ജനങ്ങളെയും ബാധിക്കും, വൈദ്യുതമേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കരുത്’; മൂടാടിയിൽ ജനസഭ


മൂടാടി: വൈദ്യുതമേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതനിയമ ഭേദഗതി ബിൽ – 2022 പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൂടാടിയിൽ ജനസഭ സംഘടിപ്പിച്ചു. എൻ.സി.സി.ഓ.ഇ.ഇ.ഇ മൂടാടി സെക്ഷൻ സംഘടിപ്പിച്ച ജനസഭ എ.ഐ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എസ്. സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു.

ഭൂരിപക്ഷം സംസ്ഥാന-ഗവൺമെന്റുകളുടേയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കർഷകരുടേയും എതിർപ്പുകളെ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമ ഭേദ​ഗതിയുമായി മുന്നോട്ട് പോകുന്നത്. 2021 ൽ കർഷക പ്രക്ഷോഭത്തിൽ രാജ്യത്തെ കർഷകർ ഉയർത്തിയ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക എന്നത്. കർഷകരുടെ (സംയുക്ത കിസാൻ മോർച്ചയുടെ) ശക്തമായ സമരത്തെ തുടർന്ന്‌ കേന്ദ്രസർക്കാർ ഭേദഗതി നടപടികളിൽ നിന്ന് പിൻമാറി. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി സമവായ തീരുമാനങ്ങൾക്ക് ശേഷമേ ഭേദഗതി നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സംയുക്തകിസാൻമോർച്ചക്ക്‌ വാഗ്ദാനം നൽകിയത്. എന്നാൽ കർഷക സംഘടനകളു മായോ സംസ്ഥാന സർക്കാരുകളുമായോ വൈദ്യൂതി ജീവനക്കാരുടേയും എഞ്ചിനീയർമാരുടേയും സംഘടനകളുമായോ യാതൊരു ചർച്ചയും കേന്ദ്രസർക്കാർ തുടർന്ന് നടത്തിയില്ല.

കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധയിടങ്ങളിൽ ഉയരുന്നത്. ഇതിന്റെ ഭാ​ഗമായാണ് എൻ.സി.സി.ഓ.ഇ.ഇ.ഇ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ജനസഭകൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ നൂറോളവും സംസ്ഥാനത്ത് ആയിരവും ജനസഭകൾ ഇത്തരത്തിൽ സംഘടിപ്പിക്കും.

മൂടാടിയിൽ നടന്ന പരിപാടിയിൽ സി.പി.എം മൂടാടി ലോക്കൽ സെക്രട്ടറി കെ.സത്യൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.പ്രമോദ് വിശദീകരണം നടത്തി. പ്രസിഡൻ്റ് മൂടാടി പഞ്ചായത്ത് സി.കെ ശ്രീകുമാർ, വാർഡ് മെമ്പർ കെ.സുമതി, സി.രമേശൻ, ജി.കെ രാജൻ
തുടങ്ങിയവർ സംസാരിച്ചു.

Summary: electricity amentmend act 2022 Janasabha at Mudadi