‘കലാമണ്ഡലം പുരസ്കാരം പപ്പേട്ടനിലൂടെ നമ്മുടെ നാട്ടിലേക്ക് എത്തിയതിൽ അഭിനന്ദനങ്ങൾ’; കേരള കലാമണ്ഡലം പുരസ്കാരം നേടിയ മുചുകുന്ന് പത്മനാഭനെ അഭിനന്ദിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കൊയിലാണ്ടി: കേരള കലാമണ്ഡലം പുരസ്കാരം നേടിയ പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭന് അഭിനന്ദനവുമായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ. അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദനം അറിയിച്ചത്.
അൻപത് വർഷത്തിലധികമായി ഓട്ടൻ തുള്ളൽ രംഗത്ത് മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന കലാകാരനായ മുചുകുന്ന് പത്മനാഭന് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് സി.കെ.ശ്രീകുമാർ പറഞ്ഞു. ‘കേരളത്തിലെ ഏറ്റവും മികച്ച കലാകാരന്മാർക്ക് മാത്രം ലഭിക്കുന്ന കലാമണ്ഡലത്തിന്റെ സംസ്ഥാനതല പുരസ്കാരം പപ്പേട്ടനിലൂടെ നമ്മുടെ നാട്ടിലേക്ക് എത്തിയതിൽ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ലെ കലാമണ്ഡലം പുരസ്കാരമാണ് മുചുകുന്ന് പത്മനാഭനെ തേടിയെത്തിയത്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അദ്ദേഹത്തിന് ലഭിക്കുക.
കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. എം.വി.നാരായണന്‍ ചെയര്‍പേഴ്‌സണും ഭരണസമിതി അംഗങ്ങളായ കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍ മാരാര്‍, ഡോ. എന്‍.ആര്‍.ഗ്രാമപ്രകാശ്, ടി.കെ.വാസു, കലാമണ്ഡലം പ്രഭാകരന്‍, കെ.രവീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എം.വി.നാരായണന്‍, ഡോ. എന്‍.ആര്‍.ഗ്രാമപ്രകാശ്, ടി.കെ.വാസു എന്നിവര്‍ പങ്കെടുത്തു.