ഇലന്തൂര്‍ നരബലി: പദ്മയുടെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനായില്ല, മുങ്ങിത്തപ്പിയിട്ടും പാദസരം കിട്ടിയില്ല; പോലീസിനെ വട്ടം ചുറ്റിച്ച് ഷാഫി, അഴിയാന്‍ ചുരുളുകളേറെ


ആലപ്പുഴ: ഇലന്തൂര്‍ നരബലി കേസില്‍ കൊല്ലപ്പെട്ട പദ്മയുടെ പാദസരത്തിനും ഇരകളുടെ മൊബൈല്‍ ഫോണിനും തിരച്ചില്‍ നടത്തുന്നു. ആലപ്പുഴ-ചങ്ങാനശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പൊലീസ് പാദസരത്തിനായി പരിശോധന നടത്തി.

ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയശേഷം പാദസരം കൈക്കലാക്കിയിരുന്നുവെന്നും തിരികെ എറണാകുളത്തേക്ക് പോകുന്നവഴി പള്ളിക്കൂട്ടുമ്മയില്‍ വാഹനം നിര്‍ത്തി പാദസരം കനാലിലേക്ക് വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയെന്നാണ് വിവരം.

എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി.ജയകുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. പ്രതി ഷാഫിയും സംഘത്തിനൊപ്പമുണ്ട്.

പാദസരം ഉപേക്ഷിച്ചുവെന്ന് പ്രതികളില്‍ ഒരാളായ ഷാഫി പറഞ്ഞ രാമങ്കരി എ.സി കനാലില്‍ ബുധനാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും പാദസരം കിട്ടിയില്ല. പാദസരം ഈ ഭാഗത്ത് വലിച്ചെറിഞ്ഞെന്ന് ഷാഫി മൊഴി നല്‍കിയതുകൊണ്ടാണ് പരിശോധന വേണ്ടിവന്നത്.

പത്മയുടേത് തമിഴ് സ്ത്രീകള്‍ ധരിക്കുന്ന പ്രത്യേകതയുള്ള പാദസരമാണെന്നും അത് വില്‍ക്കാന്‍ ശ്രമിച്ചാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് വലിച്ചെറിഞ്ഞതെന്ന് ഷാഫി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസിനെ വട്ടംകറക്കിക്കൊണ്ടിരിക്കുന്ന ഷാഫിയുടെ മൊഴി പോലീസിന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്നുമില്ല.

കൊല്ലപ്പെട്ട പദ്മയുടെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ എന്തുചെയ്തുവെന്ന് വ്യക്തമല്ല. ഇവ കണ്ടെത്തുന്നതിനായി കൊലപാതകം നടന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായിട്ടില്ല. പത്മയുടെ ആഭരണങ്ങള്‍ പൂര്‍ണ്ണമായും കണ്ടെത്തിയിട്ടില്ലെന്നാണ് മകന്‍ പറയുന്നത്. ഷാഫി വില്‍ക്കാന്‍ എടുത്തതിനു ശേഷമുള്ള ആഭരണങ്ങള്‍ ഇലന്തൂരിലെ വീട്ടിലുണ്ടെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈല മൊഴി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു. ലൈലയെ വിശ്വസിപ്പിക്കാനായി താന്‍ കള്ളം പറഞ്ഞതെന്നായിരുന്നു ഷാഫിയുടെ വാദം.