വടകര എഞ്ചിനീയറിങ് കോളേജില്‍ ബി ടെക് കോഴ്‌സിന് സീറ്റോഴിവ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ടെണ്ടര്‍ ക്ഷണിച്ചു

വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഡോര്‍മെട്രിയിലേക്ക് ആവശ്യമായ ബെഡ്, തലയണ, ബെഡ്ഷീറ്റ്, പില്ലോകവര്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ന് രണ്ട് മണി.

സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്പശാല നടത്തുന്നു

ബാലുശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്പശാല നടത്തുന്നു. ഒക്‌ടോബര്‍ 26 ന് രാവിലെ 10 മണിക്ക് ബാലുശ്ശേരി പഞ്ചായത്ത് ഹാളിലാണ് പരിപാടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ /സബ്‌സിഡി/വ്യത്യസ്ത സ്വയം തൊഴില്‍ സംരംഭങ്ങള്‍ അവയുടെ വിജയ സാദ്ധ്യതകള്‍  എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ താല്പര്യമുളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2640170.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള അരിക്കുളം മാനോളി മീത്തല്‍ കൊയിലോത്തുകണ്ടി റോഡ്, അത്താണി – കൊളക്കാട് റോഡ്, ചേമഞ്ചേരി സി.എച്ച്.സി ചുറ്റുമതിലും ഗേറ്റും തുടങ്ങിയ പ്രവർത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ച്  വരെ. ടെണ്ടര്‍ തുറക്കുന്ന തീയ്യതി ഒക്ടോബര്‍ 31 ന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2630800.

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ മാതൃകാ മത്സ്യബന്ധന യാനം തെരഞ്ഞടുക്കുന്നതിനായി മത്സ്യബന്ധന യാന ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സസ്റ്റയിനബിള്‍  മറൈന്‍ ഫിഷിങ് പ്രാക്ടീസസ് പദ്ധതി പ്രകാരം സുസ്ഥിര മത്സ്യബന്ധനം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയും സമുദ്ര മത്സ്യങ്ങളുടെ ഉല്പാദന വര്‍ദ്ധനവ് സംരക്ഷണം എന്നിവയുമാണ് ലക്ഷ്യം. 75% ആണ് സബ്‌സിഡി കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2383780.

താല്‍ക്കാലിക നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റിന്റെ ഒഴിവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാമിലി മെഡിസിന്‍ വിഷയത്തില്‍ പിജി ഡിപ്ലോമയോ ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്നും ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് principalmcc@gmail.com എന്ന മേല്‍വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2350200, 205, 206, 207

സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

വടകര എഞ്ചിനീയറിങ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ബി ടെക് കോഴ്‌സിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഒക്‌ടോബര്‍ 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400477225, 0496-2536125.

നെൽകൃഷി വികസനത്തിന് കുറ്റ്യാടി മണ്ഡലത്തിൽ കർമപദ്ധതി വരുന്നു

കുറ്റ്യാടി മണ്ഡലത്തിലെ തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡലത്തിലെ കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂർ, പുറമേരി, മണിയൂർ തുടങ്ങിയ  പഞ്ചായത്തുകളിലെ നെൽകൃഷി വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്, മൈനർ ഇറിഗേഷൻ, കുറ്റ്യാടി ഇറിഗേഷൻ, സോയിൽ കൺസർവേഷൻ എന്നീ  വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം  ഒക്ടോബർ 20, 21 തീയതികളിൽ  മണ്ഡലത്തിലെ പാടശേഖരങ്ങൾ സന്ദർശിക്കും. തുടർന്ന്  രണ്ടാഴ്ചയ്ക്കകം വിശദമായ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കും.

നെൽകൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രശ്നങ്ങൾ കർഷകർ യോഗത്തെ അറിയിച്ചു. മണിയൂർ വേങ്ങാടിക്കലിൽ മോട്ടോർ തകരാർ വേഗത്തിൽ പരിഹരിക്കാൻ പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇറിഗേഷൻ, സോയിൽ കൺസർവേഷൻ വിഭാഗം ഉദ്യോഗസ്ഥർ, അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, കെ.എൽ.ഡി.സി, പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ, പാട ശേഖരസമിതി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കോളേജ് വിദ്യാർത്ഥികൾക്കായി ‘ഉത്തരം 3.0’ ക്വിസ് മത്സരം

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി കോളേജ് വിദ്യാർത്ഥികളിൽ എച്ച് ഐ വി എയ്ഡ്സ് ബോധവത്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ‘ഉത്തരം 3.0’ എന്ന പേരിൽ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കുതിരവട്ടത്തെ ജില്ലാ ടി.ബി കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ  ഒക്ടോബർ 22 ന് രാവിലെ 9.30നാണ് മത്സരം.

ജില്ലയിലെ റെഡ് റിബ്ബൺ ക്ലബ് പ്രവർത്തിക്കുന്ന ഐ.ടി.ഐ , പോളിടെക്നിക് കോളേജുകൾ, ആർട്സ് ആന്റ് സയൻസ് കോളജുകൾ, എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കൽ ആന്റ് പാരാമെഡിക്കൽ, ടീച്ചേർസ് ട്രെയിനിങ് കോളേജുകൾ എന്നിവയ്ക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാകുന്ന ടീമിന് ക്യാഷ് അവാർഡ് ഉണ്ടായിരിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതയുണ്ടാവും. വിവരങ്ങൾക്ക് 0495 2724451.

പന്നിയൂർക്കുളം – മനത്താനത്ത് താഴം റോഡിന് ലെഫ്റ്റനന്റ് അച്ചുദേവിന്റെ പേര്

പെരുമണ്ണ പഞ്ചായത്തിലെ പന്നിയൂർക്കുളം – മനത്താനത്ത് താഴം റോഡിന് എയർഫോഴ്‌സ് വിമാന അപകടത്തിൽ വീരമൃത്യുവരിച്ച ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എസ്. അച്ചുദേവിന്റെ പേര് നൽകി. ഇന്ത്യൻ എയർഫോഴ്സിന്റെ സുഖോയ്-30 വിമാനത്തിനുണ്ടായ അപകടത്തിലാണ് ലെഫ്റ്റനന്റ് അച്ചുദേവിന്റെ ദാരുണാന്ത്യമുണ്ടായത്. അച്ചുദേവിനോടുള്ള ആദര സൂചകമായാണ് പഞ്ചായത്തിന്റെ തീരുമാനം.

പന്നിയൂർക്കുളത്ത് നടന്ന നാമകരണ ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. ഉഷ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, അച്ചു ദേവിന്റെ പിതാവ് വി.പി സഹദേവൻ എന്നിവർ മുഖ്യാതിഥിയായി.  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ദീപ കാമ്പുറത്ത്, എം.എ.പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അജിത ഗ്രാമപഞ്ചായത്ത് മെമ്പർ രമ്യ തട്ടാരിൽ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Summary: Prd release on October 18