പ്ലാറ്റ്ഫോമിന് മേൽക്കൂര, എസ്കലേറ്റർ, ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീൻ, വിപുലമായ പാർക്കിംഗ് സൗകര്യം; കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ വികസനത്തിൻ്റെ ഭാഗമായി രണ്ടുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റെയിൽവെ അനുമതി നൽകിയതായി റെയിൽവെ പി.എ.സി.ചെയർമാൻ പി.കെ കൃഷ്ണദാസ്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ വിവിധ സംഘടനകൾ നൽകിയ നിവേദനങ്ങളുടെ ഫലമായി ഒരു കോടി രുപയുടെ വികസനം കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നടപ്പിലാക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ ആർ.ഒ.ബി മുതിർന്ന യാത്രക്കാർക്ക് സഞ്ചരിക്കാൻ പ്രയാസപ്പെടുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിൻ്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് പോകാൻ എസ്കലേറ്റർ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചതായും ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതൊടൊപ്പം തന്നെ ഒന്നാം നമ്പർ ഫ്ലാറ്റ്മിലെയും രണ്ടാം നമ്പർ ഫ്ലാറ്റ്ഫോഫോമിലെയും ചോർന്നൊലിക്കുന്ന മേൽക്കൂര മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് കിട്ടാൻ പ്രയാസമുണ്ടെന്ന യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് സിസ്റ്റം എ.ടി.വി.എം. മെഷീൻ ഉടൻ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം നമ്പർ ഫ്ലാറ്റ്ഫോഫോമിൽ വി.ഐ.പി.ലോഞ്ച് ഉൾപ്പെടെ യാത്രക്കാർക്ക് ഉപയോഗിക്കാൻ ശൗചാലയം നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഇതിനാവശ്യമായ തുക നീക്കിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നും രണ്ടും ഫ്ലാറ്റ് ഫോമിൽ ആവശ്യമായ ഇരിപ്പിടം, ഫാൻ തുടങ്ങിയവ സ്ഥാപിക്കും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇപ്പോഴുള്ള പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മുതിർന്നകർക്ക് ഫ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാനുള്ള പ്രത്യേകം വാഹനം ഉടൻ എത്തിക്കും. സ്റ്റേഷനിൽ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും, മാവേലി, മംഗള എക്സ്പ്രസ്സ് ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ അനുവദിക്കണമെന്ന് റെയിൽവെ മന്ത്രിയുമായും റെയിൽവെ മാനേജ്മെന്റുമായും ചർച്ച ചെയ്ത് നടപടി സ്വീകരിക്കും. പുതിയ ആവശ്യമായ മംഗലാപുരം ഇൻ്റർസിറ്റി, കണ്ണൂർ ഏറണാകുളം ഇൻ്റെ ർസിറ്റി സ്റ്റോപ്പ് അനുവദിക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിനു മുന്നിൽ റെയിൽവെ ഓവർ ബ്രിഡ്ജ് പണിയണമെന്ന ആവശ്യം വിദ്യാർത്ഥിനികളായ ആരഭിയും ലക്ഷ്മിയും നേരിട്ടെത്തി കൃഷ്ണദാസിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. എ.ഇ.ഒ.സുധയും സമാനമായ ആവശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതോടൊപ്പം കൊയിലാണ്ടി ഈസ്റ്റ്റ്റ് റോഡിലെ അണ്ടർ പാസിൻ്റ ശോചനീയാവസ്ഥയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
റെയിൽവെ സ്റ്റേഷൻ പരിസരം മുഴുവൻ അദ്ദേഹം ചുറ്റി കണ്ടു. അദ്ദേഹം വന്നതറിഞ്ഞ് നിരവധി സംഘടനാ പ്രതിനിധികൾ നിവേദനം നൽകാൻ എത്തിയിരുന്നു.
Summary: Platform roof, escalator, automatic ticket machine, extensive parking facility; Two crore project for development of Koyalady railway station