കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: കേസുകൾ പിൻവലിക്കുന്നു; ഗുരുതര സ്വഭാവമുള്ളവ നിലനിൽക്കും
തിരുവനന്തപുരം: കൊവിഡ് കാലത്ത് എടുത്ത പൊലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കാതിരുന്നതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനുമായി എടുത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് തീരുമാനം. ഇന്ന് മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.
കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.40 ലക്ഷത്തോടളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും.
പിഎസ്സ്സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, അക്രമ സംഭവങ്ങൾ എന്നീ സംഭവങ്ങളിൽ എടുത്ത കേസുകളിൽ പക്ഷേ നടപടി തുടരും.
ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാവും കേസുകൾ പിൻവലിക്കുന്നതിനുള്ള പൊതുമാനദണ്ഡം നിശ്ചയിക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.
കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കൊവിഡ് കാലത്ത് പൊലീസ് കേസെടുത്തത്. മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000രൂപ വരെ പല കേസുകളിലായി പൊലീസ് പിഴ ഈടാക്കിയിരുന്നു. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്തും പിഴ ഈടാക്കി.
പിഴടയക്കാത്തവരുടെയും ഗൗരവമായ കുറ്റകൃത്യം ചെയ്തവർക്കുമെതിരായ തുടർ നടപടികള്‍ പൊലീസ് കോടതിയിലേക്ക് വിട്ടിരുന്നു. ഇങ്ങനെയുള്ള പല കേസിലും ഇതിനോടകം കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. ചില കേസുകളിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തത്.
കൊവിഡ് കേസുകൾ കാരണം കോടതികളുടെ ജോലിഭാരം കൂടിയതോടെ നിസ്സാര വകുപ്പുകൾ പ്രകാരമുള്ള കേസുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങളോട് നേരത്തെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു ഇതനുസരിച്ച് കേസുകള്‍ പിൻവലിക്കാനുള്ള നടപടികള്‍ ആരംഭിക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഓരോ കേസും പരിശോധിച്ച്, പിൻവലിക്കാവുന്ന കേസുകളുടെ വിവരം നൽകാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
കോവിഡ് നിയന്ത്രണം ലംഘിച്ച് കടകളിൽ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതും, പൊതുചടങ്ങുകളും ജാഥയും നടത്തിയതും കോവിഡ് നിയന്ത്രമങ്ങള്‍ ലംഘിക്കുന്നിടെ അക്രമ സംഭവങ്ങള്‍ നടന്നതുമടക്കം ഗൗരവമേറിയ കേസുകള്‍ പിൻവലിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. പെറ്റിക്കേസുകളാകും പിൻവലിക്കുക.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരിൽ നിന്നും 35 കോടിലധികം രൂപയാണ് പിഴയായി സർക്കാർ ഖജനാവിലേക്കെത്തിയത്. പിഴ ചുമത്തിയവരിൽ പലരും ഇനിയും പിഴ അടച്ചിട്ടില്ല. ഇതിനിടെയാണ് കൂട്ടത്തോടെ കേസുകള്‍ പിൻവലിക്കാനുള്ള സർക്കാരിൻെറ തീരുമാനം.