കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു, നിരത്തിലിറങ്ങിയത് ഇരുചക്ര വാഹനങ്ങളും, ചുരുക്കം സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും; പോപ്പുലർ ഫ്രണ്ട് ഹർത്താൽ കൊയിലാണ്ടിയിൽ സമാധാനപരം (ചിത്രങ്ങൾ)


കൊയിലാണ്ടി: ദേശിയ-സംസ്ഥാന ഭാരവാഹികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ കൊയിലാണ്ടിയിൽ സമാധാനപരം. അവശ്യ സർവ്വീസുകളൊഴിച്ചാൽ കട കമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. കെ.എസ്.ആർ.ടി.സി ക്ക് പുറമേ അത്യാവശ്യം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.

രാവിലെ ആറ് മണിമുതൽ ആരംഭിച്ച ഹർത്താലിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ് കൊയിലാണ്ടിയിൽ ദൃശ്യമായത്. ധനകാര്യ സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹാജർ നില കുറവായിരുന്നു. സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് സ്പെഷ്യലൈസ്ഡ് ഓ.പി കൾ ഒന്നുമില്ലാതെ ജനറൽ ഓ.പി മാത്രമേ ഉള്ളുവെന്നതിനാൽ വളരെ കുറച്ചു ആളുകൾ മാത്രമേ ആശുപത്രിയിൽ എത്തിയുള്ളു.

കൊയിലാണ്ടിയില്‍ പുലര്‍ച്ചെ ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി, എന്നാൽ അത് ഹർത്താലിന് അൽപ്പ സമയം മുൻപായിരുന്നുവെന്നും ഇതിനോട് ബന്ധമുണ്ടോയെന്ന് ഉറപ്പില്ലെന്നും പോലീസ് അറിയിച്ചു. മറ്റ് അക്രമ സംഭവങ്ങളൊന്നും തന്നെ പ്രദേശത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും മേഖലയിൽ ഹർത്താൽ സമാധാനപരമായിരുന്നെന്നും പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പതിനാറു സ്ഥലത്ത് പിക്കറ്റ്പോസ്റ്റ്, നാല്‌ പട്രോളിംഗ്, ഇരുപത് യൂണിറ്റിന്റെ രണ്ട് സ്‌ട്രൈക്കർ എന്നിവയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരുങ്ങിയിരിക്കുന്നത്.

ഹർത്താൽ ദിനത്തിൽ കൊയിലാണ്ടി നഗരത്തിൽ നിന്ന് ബൈജു എംപീസ് പകർത്തിയ ദൃശ്യങ്ങൾ കാണാം…