കൊളാവിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി റോഡ് വെട്ടാന്‍ ശ്രമിച്ചെന്ന കേസ്: പയ്യോളി നഗരസഭാ അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ; തങ്ങളെ കേള്‍ക്കാതെയുള്ള വിധിയെന്നും അപ്പീല്‍ പോകുമെന്നും നഗരസഭാംഗം സുരേഷ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


പയ്യോളി: കൊളാവിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി റോഡ് വെട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്ന് പേര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് പയ്യോളി കോടതി. പയ്യോളി നഗരസഭയിലെ 33-ാം വാര്‍ഡ് കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു, കെ.ടി.രമേശന്‍, കൊളാവി ഷിജു എന്നിവര്‍ക്കാണ് പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ.മിഥുന്‍ റോയ് ശിക്ഷ വിധിച്ചത്. കൊളാവിപ്പാലം കൊളാവിയില്‍ ചാവാട്ടിപ്പറമ്പില്‍ ബേബി കമലം, മകള്‍ ലിഷ എന്നിവരുടെ ഹര്‍ജിയിലാണ് വിധി.

ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ സ്ഥലത്ത് അതിക്രമിച്ച് കയറി എന്ന് കാണിച്ച് നേരത്തേ സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്ന് 36-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സുരേഷ് ബാബു, കെ.ടി.രമേശന്‍, കൊളാവി ഷിജു എന്നിവര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് വിലക്കി 2018 ഡിസംബര്‍ ആറിന് കോടതി ഉത്തരവിട്ടിരുന്നു. കോടതി ചെലവ് സഹിതമാണ് ശിക്ഷ വിധിച്ചത്.

പിന്നീട് ഇവര്‍ സ്ഥലത്ത് അതിക്രമിച്ച് കയറി എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നത്. 2019 ജൂണ്‍ 13 ന് സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തെ കമ്പി വേലികള്‍ പൊളിച്ച് മാറ്റുകയും ഇതിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ പിഴുത് സമീപത്തെ പുഴയില്‍ കൊണ്ടുപോയി തള്ളി, 2019 ഡിസംബര്‍ നാലിന് സ്ഥലത്ത് അതിക്രമിച്ച് കയറി കുറ്റിക്കാടുകള്‍ വെട്ടി നശിപ്പിച്ചു, 2021 നവംബര്‍ 28 ന് ഭൂമി കയ്യേറി റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.

അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് പയ്യോളി നഗരസഭാംഗം സുരേഷ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പയ്യോളി കോടതിയുടെ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകും. തങ്ങള്‍ക്കെതിരെയുള്ളത് കള്ളക്കേസാണെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തേക്ക് വഴി നിര്‍മ്മിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ഇതിനായി എം.എല്‍.എ ഫണ്ടും എം.പി ഫണ്ടും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യപ്പെട്ടതാണ്. വഴിവെട്ടാനായി സ്ഥലം നല്‍കാമോ എന്ന് സ്ഥലമുടമയായ സ്ത്രീയോട് ആദ്യം ചോദിച്ചപ്പോള്‍ ബാക്കി സ്ഥലങ്ങളില്‍ വഴി വെട്ടിയ ശേഷം വരാനാണ് പറഞ്ഞത്. ബാക്കിയുള്ളിടങ്ങളില്‍ വഴി വെട്ടിയ ശേഷം ഇവരെ സമീപിച്ചപ്പോള്‍ വാക്ക് മാറ്റുകയായിരുന്നുവെന്നും സുരേഷ് ബാബു പറയുന്നു.

‘തുടര്‍ന്ന് ഞങ്ങള്‍ സ്ഥലം കയ്യേറുമെന്ന സംശയം കൊണ്ട് അവര്‍ കോടതിയില്‍ നിന്ന് ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ വാങ്ങി. ആ ഉത്തരവ് പാലിച്ച് കൊണ്ട് ഞങ്ങള്‍ പിന്നീട് അവരുടെ സ്ഥലത്ത് കയറിയിട്ടില്ല. പിന്നീട് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നടന്ന് പോകുന്ന കാട് പിടിച്ച് കിടന്നിരുന്ന വഴി ഞങ്ങള്‍ വൃത്തിയാക്കി. ഇതിനെയാണ് സ്ഥലം കയ്യേറി റോഡ് വെട്ടാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് അവര്‍ കേസ് കൊടുത്തത്.’ -സുരേഷ് ബാബു പറഞ്ഞു.

റോഡ് നിര്‍മ്മാണ കമ്മിറ്റിയുടെ കണ്‍വീനറാണ് താന്‍. സ്ഥലം ഉള്‍പ്പെടുന്ന വാര്‍ഡ് കൗണ്‍സിലറായ നിഷ ഗിരീഷ് ആണ് കമ്മിറ്റി പ്രസിഡന്റ്. വഴി പ്രശ്‌നത്തില്‍ സ്ഥലം ഉടമകളുടെ ഒഴികെ അവിടെയുള്ള എല്ലാ വീട്ടുകാരുടെയും പിന്തണ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരാണ് തങ്ങള്‍ക്കെതിരെ കേസ് കൊടുത്ത സ്ഥലം ഉടമകള്‍. തങ്ങളുടെ കേസ് നോക്കുന്നത് റോഡ് നിര്‍മ്മാണ കമ്മിറ്റിയാണ്. വിചാരണ ഇല്ലാതെയാണ് കേസില്‍ വിധി വന്നിരിക്കുന്നത്. ഇതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സുരേഷ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.