‘ഇനിയും കേരളത്തില്‍ അഭിരാമിമാരുണ്ടാവരുത്’; പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ട അഭിരാമിയുടെ വീട് സന്ദര്‍ശിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍
ചക്കിട്ടപ്പാറ: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ട അഭിരാമിയുടെ വീട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സന്ദര്‍ശിച്ചു. പേ പട്ടിയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കിയതിന് നിയമ നടപടികള്‍ നേരിടുന്ന വ്യക്തിയാണ് കെ.സുനില്‍. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സന്ദര്‍ശനം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
ജന ജീവിതത്തിന് ഭീഷണി ആകുന്ന തരത്തില്‍ നഗര- ഗ്രാമ വിത്യാസമില്ലാതെ തെരുവ് നായകള്‍ ജനങ്ങളെ ഭീകരമായി ആക്രമിക്കുന്ന സാഹചര്യം ആണ് കേരളം മുഴുവന്‍ നിലനില്‍ക്കുന്നത്. ഇനിയും ഒരു അഭിരാമി കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ അക്രമകാരികള്‍ ആയ തെരുവു നായകളെ കൊല്ലാനുള്ള അനുമതി തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാന് കേന്ദ്ര കേരള സര്‍ക്കാരുകള്‍ തയ്യാറാവണം എന്ന് കെ.സുനില്‍ ആവശ്യപെട്ടു.
തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അക്രമകാരികള്‍ തെരുവുനായകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ജനകീയ കൂട്ടായ്മക്ക് നേതൃത്വം നല്‍കാനും തെരുവ് നായ ആക്രമണം നേരിട്ട ആളുകള്‍ക്ക് നിയമ സഹായം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ സഹായം നല്‍കുമെന്നും പറഞ്ഞു.
ആഗസ്ത് 13നാണ് അടുത്തവീട്ടില്‍ പാല്വാങ്ങാന് പോകുന്നതിനിടെ അഭിരാമിക്ക് നായയുടെ കടിയേറ്റത്. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്.
ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന് സ്വീകരിച്ച് മടങ്ങിയെത്തിയ ശേഷം ആരോഗ്യനില ഗുരുതരമായി തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അവിടെ ചികില്‍സയിലിരിക്കെയാണ് റാന്നി പെരുനാട് സ്വദേശിനി അഭിരാമി മരണപ്പെട്ടത്.
summary:chakkittappara grama panchayath president k sunil visited the house of abhirami who died after being bitten by a stray dog in pathanamthitta