‘എന്നോട് ഭാര്യ പറഞ്ഞു, ഇനി നിങ്ങള്‍ ഈ പാസ്പോര്‍ട്ട് കാണില്ല; പടച്ചോനേ… ഇനി അതവള് ശരിക്കും കത്തിച്ചിട്ടുണ്ടാകുമോ???’ സ്കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ രസകരമായ അനുഭവം പങ്കുവയ്ക്കുന്നു, കുറ്റ്യാടി സ്വദേശി കൊച്ചീസ്
കൊച്ചീസ്
പൊതിഞ്ഞു കെട്ടിയ പെട്ടിയും ഉന്തി എയർപ്പോർട്ടിൽ നിന്നും പുറത്തേക്ക് വരുമ്പോൾ വല്ലാത്ത സന്തോഷത്തിലായിയുന്നു ഞാൻ. സെയിൽസിലാണ് ജോലി. അത് കൊണ്ട് തന്നെ തലക്കകത്ത് എപ്പോഴും കമ്പിനിക്ക് കിട്ടാനുള്ള കച്ചവടക്കാരുടെ കണക്കും നമ്മളെക്കൊണ്ട് എവിടെയൊക്കെ എങ്ങനെയൊക്കെ കച്ചോടം കൂട്ടാൻ പറ്റും എന്നുള്ള ചിന്തയായിരിക്കും.
എയർ പോർട്ടിന് പുറത്ത് എന്നെയും കാത്ത് നിൽക്കുന്ന ഉറ്റവരുടെ പുഞ്ചിരിയുള്ള മുഖവും കണ്ട്. പ്രിയപ്പെട്ടവരെ നെഞ്ചോട് ചേർത്ത്. കുഞ്ഞു മക്കളെ കൺകുളിർക്കെ കണ്ട്. കൂട്ടാൻ വന്ന ജീപ്പിന്റെ പിന്നിലെ സീറ്റിൽ കെട്ടിയോളെ കൈകോർത്ത് പിടിച്ചങ്ങനെ ചാരിയിരിക്കുമ്പോൾ. അത് അത്ര അങ്ങട് സുഖിക്കാത്തത് കൊണ്ടാവാം. ഷർട്ടിന്റെ പോക്കറ്റിൽ കിടക്കുന്ന പാസ്പോർട്ട്. നെഞ്ചിലിങ്ങനെ കുത്തിക്കൊണ്ടിരിക്കും.
അപ്പോൾ ഇപ്രാവശ്യം നിന്നെ ഞാൻ കത്തിക്കുമെന്നോ. അല്ലേൽ കുറ്റിയാടി പൊയേൽ ചാടുമെന്നോ
പറഞ്ഞ് കൊണ്ട് തൂക്കി എടുത്ത്. കെട്ടിയോളെ കയ്യിൽ കൊടുത്തിട്ട് പറയും. ഇതാട മര്യാദക്ക് വെച്ചേക്ക്. ആടയും ഇവിടെയും വെച്ച് കാണാതാക്കണ്ട എന്ന്. അപ്പോൾ ഞാൻ മനസ്സില്‍ പറഞ്ഞത്. ഓളിന്റെ മോത്ത് നോക്കി പറയും.
‘ഇനി ഇതിങ്ങള് കാണൂല. ഒന്നിക്കില്ലേ ഞാനിത് കത്തിക്കും. അല്ലേൽ കുറ്റിയാടി പൊയേൽ ചാടും.’ എന്ന്.
ഞമ്മളോട് സ്നേഹം കൊണ്ട് പറയുന്നതല്ലേ. അങ്ങനൊന്നും ചെയ്യൂലായ്ക്കും. എന്ന് മനസ്സില്‍ സമാധാനിച്ചു. അവളുടെ തോളിലേക്ക് ചാഞ്ഞ് ഒരുറക്കും പാസാക്കുമ്പോഴേക്കും വീടെത്തിയിരിക്കും.
വീടിന്റെയും നാടിന്റെയും മനോഹാരിതയിൽ കുറച്ചു ദിവസം കഴിയുമ്പോഴാണ്. യാതൊരുവിധ കണക്കൂട്ടലുകളും ഇല്ലാതെ മനസ്സൊന്ന് കുളിർക്കുന്നത്.
കാച്ചിക്കുറുക്കിയ ലീവിൽ നിന്നും ദിവസങ്ങൾ കൊഴിയുമ്പോഴും. കയ്യിലെ നീക്കിയിരിപ്പ് കുറഞ്ഞ് വരുമ്പോഴും. എങ്ങ് നിന്നോ ഒരാധി മനസ്സിനെ പിടികൂടും.
പോവാനായെന്നും ഇനി നിൽക്കാൻ പറ്റൂലാ എന്നും. മനസ്സിനെ സ്വയം സമാധാനിപ്പിക്കുമ്പോൾ. നെഞ്ചിലാരോ ബല്ല്യൊരു പാറക്കല്ല് വെച്ചു കെട്ടിയ പോലെ തോന്നും. കഴിക്കുന്ന ഭക്ഷണം ഇറങ്ങാത്ത പോലെയും മനസ്സിന് ഒരു സുഖമില്ലാത്ത പോലെയും ഒക്കെ തോന്നും.
പോവാനായാൽ വെറുതെയിരിക്കുമ്പോൾ ചുമ്മാ ഞാനിങ്ങനെ കണക്ക് കൂട്ടാറുണ്ട്. അടുത്ത ഈ ദിവസം ഞാൻ എവിടെയായിരിക്കും എന്ന്.
ആ കണക്ക് കൂട്ടൽ എനിക്ക് മാത്രമല്ല, നിങ്ങൾക്കും ഉണ്ടെന്ന് എനിക്ക് നന്നായറിയാം.
പോവാനുള്ള ടിക്കറ്റ് എടുക്കാൻ. പാസ്പ്പോർട്ട് കോപ്പി അയക്കാൻ പറഞ്ഞപ്പോൾ ആണ് ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു കാളൽ വന്നത്.
കാരണം അന്ന് അവളുടെ കയ്യിൽ കൊടുത്തതിൽ പിന്നെ ഡെയ്ലി തുറക്കുന്ന അലമാരയുടെ കള്ളിയിൽ ഒന്നും പാസ്പ്പോർട്ട് ഞാൻ കണ്ടിട്ടില്ലായിരുന്നു.
പടച്ചോനെ ഇനി അതവൾ ശരിക്കും കത്തിച്ചിണ്ടാവോ?!
അന്നൊരു ദിവസം കുറ്റിയാടിക്ക് പോവുമ്പോൾ പാലത്തുമ്മൽ നിന്ന് ഫോട്ടോ എടുക്കാൻ വേണ്ടി വണ്ടിയവൾ നിർത്തിച്ചിരുന്നു. ഫോട്ടോ എടുത്ത് കൈഞ്ഞിട്ടും. തായോട്ട് തന്നെ കുറെ നേരം നോക്കി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു.
കുഞ്ഞിമ്മക്കളെ ഇനീപ്പം… അത് പൊയേൽ ചാടി ഒലിച്ചു പോവുന്നത് വരെ നോക്കി നിന്നതാവുമോ? എന്നിങ്ങനെയുള്ള ചിന്ത മനസ്സിനെ പിടികൂടി.
അതൊന്നും പുറത്ത് കാണിക്കാതെ, ‘മുത്തെ സുമി മോളേ… ഇഞ്ഞ് ആ പാസ്പ്പോർട്ട് ഇങ്ങ് എടുത്തേ. ടിക്കറ്റ് എടുക്കാൻ അതിന്റെ ഫോട്ടോ അയക്കാൻ പറഞ്ഞിക്ക് ട്രാവൽസിൽ നിന്ന്.’
എന്ന് പറഞ്ഞപ്പോൾ,
‘എന്ത് പാസ്പ്പോർട്ട്. അതൊക്കെ എത്തണ്ടെ സ്ഥലത്ത് എത്തീക്ക്.’
എന്നും പറഞ് ഓളങ്ങ് അടുക്കളയിലേക്ക് പോയി.
പടച്ചോനെ പണി പാളിയോ എന്നും പറഞ്ഞ് ഞാൻ ബയ്യന്നെ ചെന്ന് ഓളെ സോപ്പിടാൻ തുടങ്ങി.
ഗൾഫ് കണ്ട് പിടിച്ചോനെ തച്ച് കൊല്ലണം എന്നും അങ്ങ് പോയത് കൊണ്ടാ നാട്ടിൽ ഒരു പണിയും കിട്ടാണ്ട് ആയതെന്നും അല്ലേൽ നാട്ടിൽ തന്നെ നിൽക്കേനും എന്നൊക്കെ ഞാനിങ്ങനെ ഒളോട് തട്ടിവിട്ട് കൊണ്ടിരുന്നു.
അത് മനസ്സിലായിട്ടാണെന്ന് തോന്നുന്നു, ഓള് പറയാ,
‘ഇങ്ങള് എന്ത് പറഞ്ഞിട്ടും കാര്യേല്ല, അയ്യ പാസ്പ്പോർട്ട് ഇങ്ങളിനി കാണൂലാ…’ ന്ന്.
‘എന്നാ പിന്നെ ഞാൻ എവിടെയും പോന്നില്ല. നാട്ടില്‍ എന്തേലും പണിക്ക് പോവാം.’
എന്നും പറഞ്ഞ് ഞാൻ ആദ്യ സോപ്പിടൽ ശ്രമം നിർത്തി പിന്തിരിഞ്ഞു.
ഒരായ്ച്ച അങ്ങനെ കൈഞ്ഞോയി. കമ്പിനിയിൽ നിന്നും മാനേജരുടെ വിളി വന്നു. വിസ തീരാനായി ലാസ്റ്റിലേക്ക് വെക്കണ്ട. എന്തേലും പ്രശ്നായാൽ ഇടങ്ങാറാണ്, വേഗം വരാൻ നോക്കിക്കോ.
അത് കേട്ടപ്പോൾ ഞാൻ പിന്നെയും ഓളെ പിറകെ കൂടി.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ഈ ഒരു പോക്കും കൂടി ഇനി പോവൂല. അടുത്ത വരുത്തിന് മ്മക്ക് കൊറോണ കാരണം മുടങ്ങിയ ടൂറൊക്കെ പോവാം ബാക്കിയുള്ള കാലം നിന്നോടും മക്കളോടും ഒന്നിച്ചു ഇവിടെത്തന്നെ കഴിയാം എന്നൊക്കെ പറഞ് ഒരു വിധം സമാധാനിപ്പിച്ചപ്പോൾ അലമാരയുടെ ഉള്ളിൽ ഡ്രസ്സിന്റെ അടിയിൽ നിന്ന്
എന്നെ ഞാനാക്കി മാറ്റാൻ സഹായിച്ച, എന്ന് വച്ചാൽ ഒരു ഗ്ലാസ്സ് കൈമ അരിയെടുത്ത് ഒന്നര ഗ്ലാസ്സ് വെളളം ഒഴിച്ച് ലേശം നെയ്യും ഉള്ളിയും ഇട്ട് വറ്റിച്ചാൽ നെയ്ച്ചോർ ആക്കാൻ പറ്റുമെന്നും, വീട്ടിൽ പണിക്ക് വന്ന മ്മളെ സ്വന്തം ബംഗാളി ഏക് ഗ്ലാസ്സ് ഗരം പാനി എന്ന് പറഞ്ഞപ്പോൾ എന്താണെന്ന് തിരിയാതെ ഉമ്മ എന്നെ നോക്കിയപ്പോൾ ‘ഓന് ലേശം ചൂട് വെളളം കൊടുക്കുമ്മാ’ എന്ന് പറയാൻ പഠിച്ചതും മാഫി ഫുലൂസ് മാഫി മുഷ്ക്കിൽ എന്ന് പഠിച്ചതും അങ്ങ് ദൂരെയുള്ള ജിയോ സിമ്മിലെ ചേച്ചി വിളിക്കുമ്പോൾ മണി മണിപോലെ ഇംഗ്ളീഷ് പറയാൻ പഠിപ്പിച്ചതും ഓള് ആ തൂക്കി പിടിച്ചനിൽക്കുന്ന, ഉള്ളിൽ ഒരു എഴുത്തും കാണാത്ത, എന്നാൽ ഒരായിരം കഥകൾ പറയാനും വായിക്കാനുമുള്ള ആ ചെറിയ ബുക്കാണെന്നുള്ള കാര്യം പറയാതെ വയ്യ.
പ്രിയപ്പെട്ടവരേ, ആരും പ്രവാസിയാവുന്നതല്ല. കാലവും സാഹചര്യവും അവനെ അങ്ങനെ ആക്കി മാറ്റുന്നതാണ്. ഒന്നുറപ്പാണ്, ഓരോ പ്രവാസവും ഓരോ അനുഭവമാണ്. ഓരോ പാഠങ്ങളാണ്. തന്റെ കുടുംബത്തിന്റെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുന്ന യാത്രകളാണ്.
അത് കൊണ്ട് തന്നെ ഈ പോക്കോട് കൂടി പ്രവാസം നിർത്തണം എന്ന് സന്തോഷത്തോടു കൂടി ഞങ്ങൾക്ക് പറയാൻ പറ്റില്ല. കാരണം ഒന്നുമില്ലാത്ത ഞങ്ങളെയൊക്കെ ജീവിക്കാൻ പഠിപ്പിച്ചത് പ്രവാസമാണ്.
ഈ ആഴ്ചയിലെ ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ ഓർമ്മക്കുറിപ്പ് പങ്കുവച്ചത് കൊച്ചീസ് എന്നറിയപ്പെടുന്ന കുറ്റ്യാടി സ്വദേശി കൊച്ചീസ് മുഹമ്മദ്. ബഹ്റൈനിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.